ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രതിഭ

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2007 (18:13 IST)
WD
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാഷ്ട്രപതിയായി ഉയര്‍ന്നു വന്നതിന് 2007 സാക്‍ഷ്യം വഹിച്ചു. ഒരു വനിത രാഷ്ട്രപതിയായതിനൊപ്പം രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വാശിയേറിയ മത്സരവും ഈ വര്‍ഷത്തിന്‍റെ പ്രത്യേകതയായിരുന്നു.

മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് വീണ്ടും ഒരു അവസരം നല്‍കണമെന്ന വാദമുഖവുമായി മൂന്നാം മുന്നണി (യു എന്‍ പി എ) മുന്നിട്ടറങ്ങിയതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൂടും ചൂരും നല്‍കിയത്. എന്നാല്‍, അഭിപ്രായ സമന്വയമുണ്ടെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കലാമിന്‍റെ അഭിപ്രായം.

എന്നാല്‍, ഈ അവസരത്തില്‍ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സോണിയ ഗാന്ധിയുടെ നയതന്ത്രതയ്ക്കായിരുന്നു മുന്‍‌തൂക്കം. കോണ്‍ഗ്രസ്സ് കലാമിന് പിന്തുണ നല്‍കില്ല എന്ന് വ്യക്തമാക്ക്കി. ഒപ്പം ഒരു വനിതയ്ക്ക് രാഷ്ട്രപതിയാവാനുള്ള ചരിത്രപരമായ അവസരം ഒരുക്കുകയും ചെയ്തു.

സമന്വയമില്ല എങ്കില്‍ കലാമിന് പിന്തുണ ഇല്ല എന്നായിരുന്നു ബിജെ‌പി നയിക്കുന്ന എന്‍ഡി‌എയുടെ നിലപാട്. കോണ്‍ഗ്രസ്സ് പിന്തുണ നല്‍കാത്ത അവസരത്തില്‍ അവര്‍ മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശേഖാവത്ത് തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചു. ഇതോടെ മത്സരത്തിന് കളമൊരുങ്ങി.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി രൂപം കൊണ്ടപോലെ മൂന്നാം മുന്നണി തല്ലിപ്പിരിഞ്ഞു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപരിചിതമായ ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു നടന്നത്. പ്രചാരണ വേളയിലെവിടെയോ ബിജെ‌പിയുടെ ദീര്‍ഘകാല ബന്ധുവായ ശിവസേനയും മഹാരാഷ്ട്ര വാദത്തില്‍ കുരുങ്ങി പ്രതിഭയ്ക്ക് അനുകൂലമായതും ശ്രദ്ധേയമായി.

ഒരു പഞ്ചസാര ഫാക്ടറിയിലും സഹകരണ ബാങ്കിലും നടന്ന അഴിമതികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രതിഭയ്ക്കെതിരെ ഉയര്‍ന്നു. പ്രതിഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.

WD
2007 ജൂലൈ 19 ന് നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രതിഭ പാട്ടീല്‍ വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഭൈറോണ്‍ സിംഗ് ശേഖാവത്തായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ത്ഥി. ജൂലൈ 25, 2007 ന് പ്രതിഭാ പാട്ടീല്‍ ഭാരതത്തിലെ ആദ്യ വനിതാ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.