ഹര്‍ഷനെന്ന വീരയോദ്ധാവ്

വ്യാഴം, 14 ഫെബ്രുവരി 2008 (15:09 IST)
KBJWD
മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. മാനവസേവ തന്നെയാണ് ഏറ്റവും വലിയ മാധവസേവയെന്ന് ഹിന്ദുമതം പറയുന്നു. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് ക്രിസ്തുമതം പറയുമ്പോള്‍, നിരപരാധികളെ വധിക്കരുതെന്ന് മുസ്ലീം മതം പറയുന്നു.

പക്ഷെ മതത്തെ സ്വന്തം സ്വാര്‍ത്ഥ ലക്‍ഷ്യങ്ങള്‍ക്കായി വളച്ചൊടിച്ച് ദൈവത്തെ ചെറുതാക്കി മതവിശ്വാസികള്‍ ആയുധമെടുക്കുമ്പോള്‍ ദൈവം ചെറുതാകുന്നു. ഭാരതം ഇന്ന് ജിഹാദി തീവ്രവാദവും ഹിന്ദു തീവ്രവാദവും ഒരു പോലെ നേരിടുന്നു. അതേസമയം തീവ്രവാദത്തെ ചെറുത്ത് നിരപരാധികളെ രക്ഷിക്കുന്നതിനായി നമ്മുടെ ജവാന്‍‌മാര്‍ അതിര്‍ത്തി കാക്കുന്നു. അവര്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ട് നമ്മള്‍ക്ക് ഉറങ്ങുവാന്‍ കഴിയുന്നു.

ഒരു കാലഘട്ടത്തില്‍ സൈന്യത്തിലെ ജോലി ഇന്ത്യന്‍ യുവാക്കളെ ഒരു പാട് മോഹിപ്പിച്ചിരുന്നു. കാലം മാറി. ബഹുരാഷ്‌ട്ര കമ്പനികളുടെ ശമ്പള തിളക്കത്തിനു മുന്നില്‍ ഇന്ത്യന്‍ യുവാക്കള്‍ സൈനിക ജോലികള്‍ പതിയെ ബഹിഷ്കരിക്കുവാന്‍ തുടങ്ങി.

എന്നാല്‍, ആര്‍.ഹര്‍ഷനെന്ന യുവാവിന് ചെറുപ്പം മുതലേ സൈനിക ജോലി ഒരു ആവേശമായിരുന്നു. അതു കൊണ്ടാണ് അദ്ദേഹം എന്‍ജീനിയറിംഗ് പഠനം പാതിവഴിക്ക് നിറുത്തി പൂനെയിലെ ദേശീയ പ്രതിരോധ അക്കാദമിയില്‍ 1999 ല്‍ ചേര്‍ന്നത്.

പഠനം പൂര്‍ത്തിയാക്കി അദ്ദേഹം സൈന്യത്തിന്‍റെ ഭാഗമായി. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീരിലെ ഒരു തണുത്ത രാത്രിയില്‍ അദ്ദേഹം തീവ്രവാദികളുടെ വെടിയേറ്റ് വീണപ്പോള്‍ തേങ്ങിയത് ഒരു നാടാണ്. രണ്ട് ദിവസം മുമ്പ് അടുത്ത് തന്നെ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചുക്കൊണ്ട് അദ്ദേഹം ഫോണ്‍ ചെയ്തതായിരുന്നു. പക്ഷെ മരണം അദ്ദേഹത്തെ തട്ടിയെടുത്തു. മരണത്തോടെ ധീര ജവാന്‍‌മാരുടെ ഭൌതിക സാന്നിദ്ധ്യം ഇല്ലാതാകും. എന്നാല്‍, അവരുടെ ഓര്‍മ്മക്ക് ഒരിക്കലും മരണമില്ല.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ രാധാകൃഷ്‌ണന്‍റെ മകനായ ഹര്‍ഷന്‍ 1980 ഏപ്രില്‍ 15 നാണ് ജനിച്ചത്. ‍. അവിവിവാഹിതനായിരുന്ന അദ്ദേഹത്തിന് കൊല്ലപ്പെടുമ്പോള്‍ 25 വയസ്സായിരുന്നു. ജ്യേഷ്‌ഠസഹോദരനായ വ്യാ‍സല സിവില്‍ സര്‍വീസില്‍ സേവനമനുഷ്‌ഠിക്കുന്നു. കേരള സര്‍ക്കാര്‍ ഹര്‍ഷന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക