സ്വാതന്ത്ര്യപ്രാപ്തിക്ക് വേണ്ടി ലോകത്തിനുമുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി വിജയിപ്പിച്ച രാഷ്‌ട്രപിതാവിന്‍റെ സ്വപ്നങ്ങള്‍ നമ്മള്‍ വിസ്മരിക്കുകയാണ്. പരിഷ്കൃതസമൂഹമെന്ന് വിളിക്കുന്നതില്‍ അഭിമാനത്തോടെ തല ഉയര്‍ത്തുന്ന ഇന്ത്യന്‍ ജനത യഥാര്‍ത്ഥത്തില്‍ ഗോധ്‌രയിലും മാറാടും വരെ എത്തിയതേയുള്ളൂ. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയുടെ സ്ഥിതി ഇതാണ്.
' എന്‍റെ സത്യാന്വേഷണ പരീക്ഷണ'ങ്ങളില്‍ ഗാന്ധിജി പറയുന്നു; "ആത്മശുദ്ധിയില്ലെങ്കില്‍ അഹിംസാപാലനം ഒരു വിഫല സ്വപ്നമായി ശേഷിക്കുകയേ ഉള്ളൂ". ഹൃദയവിശുദ്ധിയില്ലെങ്കില്‍ അത് ചുറ്റുപാടും മലീമസമാക്കും. എന്നാല്‍ അതുണ്ടെങ്കില്‍ സ്വന്തം ചുറ്റുപാടുകളെയും ശുദ്ധമാക്കും.
ഇന്ത്യയൊട്ടാകെ മതനിരപേക്ഷ സമീപനങ്ങളില്‍ പ്രതികൂല മാറ്റമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, നൂറുശതമാനം സാക്ഷരരെന്നും സാമൂഹിക ഇടപെടലുകളില്‍ മുന്നോക്കം നില്‍ക്കുന്നവരെന്നും പേരെടുത്ത മലയാളി സമൂഹത്തിനെന്തുപ്പറ്റി? ലോകമെങ്ങും ജൂതസമൂഹത്തെ തള്ളിപ്പറഞ്ഞപ്പോഴും സ്വന്തം നെഞ്ചിലവര്‍ക്ക് സ്ഥാനം നല്‍കിയ ഒരു സമൂഹം എങ്ങിനെയിത്രത്തോളം വഷളായി?
രാഷ്‌ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് ഗുജറാത്തും മാറാടുമെല്ലാം. ഇവ അവസാനിക്കണമെങ്കില്‍ ഗാന്ധിയന്‍ ചിന്തകളുടെ പിന്‍ബലം അത്യാവശ്യമാണ്. എണ്ണത്തില്‍ കുറവെങ്കിലും ജനക്ഷേമ തല്പരരും വിശാല മനസ്കരും സത്യസന്ധരുമായ ജനപ്രതിനിധികള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
' വിനയത്തിന്‍റെ പരമപരിധിയാണ് അഹിംസ'. വിദ്വേഷാഗ്നി ആളിക്കത്തിയ കലാപത്തിന്‍റെ ഉള്‍വനങ്ങളില്‍ പതിയിരുന്ന കലാപകാരികള്‍ ഒരു നിമിഷം ചെവിയോര്‍ത്തിരുന്നെങ്കില്‍ രാഷ്‌ട്രപിതാവിന്‍റെ ഈ വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ചോരപ്പാടുകളും നഷ്ടവിലാപങ്ങളുമടങ്ങിയ കലാപഭൂമികള്‍ക്കുമീതെ നമുക്ക് ഈ വാക്കുകള്‍ പുതപ്പിക്കാം.