അറിയണം... ആത്മജ്ഞാനത്തിന്റെ പൂങ്കാവനവും സമഭാവനയുടെ ഇരിപ്പിടവുമായ ശബ‌രിമലയെ !

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (16:56 IST)
തീര്‍ത്തും ജനകീയനായ ദൈവസങ്കല്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജാതിമതഭേദമന്യേ ആര്‍ക്കും അവിടേക്ക് പ്രവേശനമുണ്ട്. അയ്യനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അയ്യപ്പന്റെ പൂങ്കാവനം ജൈവ വൈവിധ്യത്തിന്റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈ-വവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്.
 
ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്‍കുന്നത്. ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തില്‍ തന്നെയുണ്ട്. മതനിരപേക്ഷതയുടെ സങ്കേതം കൂടിയാണ് ശബരിമല 
 
'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി ' 
 
ഇതാണ് ഭൂതഗണനാഥനായ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെയാണ്. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.
അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
 
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയതെല്ലാം ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു. ലോകമേ തറവാട്‌ എന്ന ഭാരതീയമായ സമഭാവനാ സങ്കല്‍പത്തിന്റെ മികച്ച ഉദാഹരണമാണ്‌ ശബരിമല. വൃശ്ചികം ഒന്നിന് തുടങ്ങി രണ്ട്‌ മാസം ഇത്‌ ലോകമെമ്പാടുമുള്ള ഭക്തരുടെ ആശ്രയമായി മാറുന്നു.
 
അക്കാലത്താണ് പാപഭാരങ്ങളുടെയും വേദനകളുടെയും ഇരുമുടിക്കെട്ടുമായി പരസഹസ്രം ഭക്തന്മാര്‍ കറുപ്പും നീലയും വസ്ത്രമണിഞ്ഞ്‌ കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവിനെ കാണാന്‍ ശബരിമലയില്‍ എത്തുന്നത്. അക്കാലത്താണ് തുലാവര്‍ഷത്തിന്റെ പനിനീര്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ശബരിമല പൂങ്കാവനം ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുക. മണ്ഡല മകരവിളക്കുകള്‍ക്കായി ശബരിമല നട തുലാം 30 ന്‌ വൈകിട്ടാണ് തുറക്കുക. 
Next Article