വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രന് ജന്മദിനാശംസകൾ!

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (16:53 IST)
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമെന്ന രീതിയിൽ ആണ് ക്രിസ്തുമസിനെ കാണുന്നത്. എന്നാൽ, ഇന്ന് ലോകത്തെ ഏത് മതക്കാരും ആഘോഷിക്കുന്ന ഒരു സുന്ദരമായ ദിനമായി മാറിയിരിക്കുകയാണ് ക്രിസ്തുമസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. 
 
ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്ന രീതിയിലാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. പലരുടേയും ആഘോഷങ്ങൾ പല രീതിയിൽ ആണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ്. പല നാടുകളിലും ക്രിസ്തുമസുമായി ബന്ധപ്പെട്ട കഥകളും ഐതീഹ്യങ്ങളും വ്യത്യാസമായതിനാലാണിത്.
 
എന്നാണ് ക്രിസ്തുമസ് ആഘോഷിച്ച് തുടങ്ങിയത്?
 
യേശുക്രിസ്തു ജനിച്ച തിയ്യതി സംബന്ധിച്ച യാതൊരു പരാമര്‍ശവും ബൈബിളിലോ ചരിത്രഗ്രന്ഥങ്ങളിലോ ഇല്ല. അത് എന്നാണെന്ന കാര്യത്തിൽ പല ഗ്രന്ഥങ്ങളിലും പല കാലയളവാണ്. ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുമില്ല, പുതിയനിയമത്തില്‍ ഒരു പരാമര്‍ശവും. തന്റെ ജന്മദിനം ക്രിസ്തു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. ക്രിസ്തുശിഷ്യന്‍മാരൊന്നും യേശുവിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്ന കാര്യം വളരെ സ്പഷ്ടമാണ്. പിന്നെ എപ്പോഴാണ് ക്രിസ്തുമസ് ആഘോഷിച്ച് തുടങ്ങിയത്. 
 
ഡിസംബർ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി കണ്ടുതുടങ്ങിയതിന്റെ ആധാരമോ കാരണമോ ചരിത്രകാരന്മാർക്ക് പോലും അജ്ഞാതമാണ്. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ഇത്തരം പിറന്നാളുകള്‍ ആഘോഷിക്കുന്നത് പാപമായിട്ടായിരുന്നു വളരെ പണ്ടുള്ള മതപുരോഹിതന്മാര്‍ കരുതിയിരുന്നത്. ക്രിസ്തു ജനിച്ച് മൂന്നുവര്‍ഷത്തോളം ലോകത്തെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന ഏര്‍പ്പാടുതന്നെ ഇല്ലായിരുന്നുവത്രെ. 
 
ഒരു വർഷം രണ്ട് ക്രിസ്തുമസ്!
 
ക്രിസ്തുവിന്റെ ജന്മദിനം ഏതുമാസമാണ് എന്ന് ചോദിച്ചാൽ ജാതി- മതഭേദമന്യേ കൊച്ചുകുട്ടികൾ വരെ പറയും. ഡിസംബർ 25!. എവിടെയും എഴുതപ്പെട്ടിട്ടില്ലെങ്കിലും വർഷങ്ങളായി വിശ്വാസികൾ വിശ്വസിച്ച് പോരുന്ന ഒരു കാര്യമാണ്. എന്നാൽ ജനുവരി ആറിനും ക്രിസ്തുമസ് ആയിട്ട് ആഘോഷിച്ചിട്ടുണ്ടത്രേ. ചരിത്രത്തിൽ ജനുവരി 6ഉം ക്രിസ്തുമസ് ആണ്. അഗസ്റ്റസ് ചക്രവര്‍ത്തി റോമാസാമ്രാജ്യം ഭരിക്കുന്ന കാലഘട്ടത്തിലാണ് യേശു ജനിച്ചത് എന്നുമാത്രമാണ് ബൈബിള്‍ പറയുന്നത്. അത് ഏതുവര്‍ഷം ഏതു ദിവസമാണ് എന്നൊന്നും ബൈബിളിലില്ല. ഈയൊരു കാരണം കൊണ്ടായിരുന്നുവത്രെ ക്രിസ്മസ് ജനുവരി ആറിന് മുമ്പ് ആഘോഷിച്ചിരുന്നത്. 
 
ഈ ദിവസമാണ് മൂന്നു ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ കാലിത്തൊഴുത്തിലേക്കു നീങ്ങിയതും ഒരു നക്ഷത്രം അവര്‍ക്കു വഴികാട്ടിയായതെന്നും വിശ്വസിച്ചുപോരുന്നത്. പിന്നീട് നാലാം നൂറ്റാണ്ടിലായിരുന്നത്രെ ഡിസംബര്‍ 25 ന് ആഘോഷം തുടങ്ങിയത്. ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന റോമാക്കാര്‍ തന്നെയായിരുന്നുവത്രെ ഈ സമയ മാറ്റത്തിനു പിന്നിലും!
 
ക്രിസ്തുമസിന് പിന്നിലെ ഐതീഹ്യം!
 
ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ഉണ്ടെങ്കിലും, മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങൾക്കാണ് ആക്കം കൂടുതൽ. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌.
 
ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. അതിപ്രകാരമാണ്: ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.
 
ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക, കേക്ക് ഉണ്ടാക്കുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.
Next Article