വിശുദ്ധമനസ്സോടെ ശവ്വാലിലേക്ക്

Webdunia
വ്രതശുദ്ധിയുടേയും തപശ്ചര്യയുടേയും 30 നാളുകള്‍ പിന്നിട്ട് ഒരു റംസാന്‍ മാസം കൂടി കടന്നു പോവുകയാണ്. ഹിജ്‌റ 1428 ലെ റംസാന്‍ വെള്ളിയാഴ്ച അവസാനിക്കുന്നു. പിന്നെ പുണ്യ ശവ്വാലിന്‍റെ പിറവിയാണ്.

മനുഷ്യ മനസ്സ് കളങ്കമില്ലാത്തതാണ്. അതിനെ കളങ്കപ്പെടുത്തുന്നത് കാലവും ശീലവുമാണ്. മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി. ഈ തത്വമാണ് വിശുദ്ധ റംസാനില്‍ ചില കാര്യങ്ങള്‍ ഇസ്ലാം വിശ്വാസികള്‍ക്ക് നിര്‍ബ്ബന്ധമാക്കിയതിന്‍റെ പിന്നിലുള്ളത്.

നോമ്പ് എടുക്കലും സക്കാത്ത് നല്‍കലും മാത്രമല്ല വിജ്ഞാനം വര്‍ധിപ്പിക്കലും വായനയുടെ മഹത്വം ഉദ്ഘോഷിക്കലും പരക്ലേശ വിവേകം ഉണ്ടാവലും സഹോദരങ്ങളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും പെരുമാറലും എല്ലാം റംസാനിലെ നിര്‍ബ്ബന്ധകാര്യങ്ങളാണ്.

അതുകൊണ്ടാണ് റംസാനിലെ നന്‍‌മ മറ്റ് മാസങ്ങളിലെ നന്‍‌മയേക്കാള്‍ പതിന്‍‌മടങ്ങ് ആണെന്ന് സര്‍വ്വശക്തന്‍ പറഞ്ഞു വച്ചത്. മറ്റ് മാസങ്ങളില്‍ എഴുപത് തവണ ആവര്‍ത്തിക്കുന്നത്ര നന്‍‌മ റംസാനിലെ പുണ്യ പ്രവര്‍ത്തി കൊണ്ട് ലഭ്യമാവുന്നു.

റംസാനെ അല്ലാഹു ശ്രേഷ്ഠമാക്കി വച്ചിരിക്കുകയാണ്. ദാനധര്‍മ്മങ്ങളും സ്നേഹാദരങ്ങളും നല്‍കാനായി ഖുറാന്‍ വായിച്ചു വളരാനായി, ഈശ്വരനിലുള്ള വിശ്വാസം ദൃഢമാക്കി സൂക്ഷിക്കാനായി. ഇതിനു തക്ക ഹൃദയ ശുദ്ധി ആര്‍ജ്ജിക്കലും ഒരു കൊല്ലത്തിനകം കൈവിട്ടുപോയ അല്ലെങ്കില്‍ മലിനമായിപ്പോയ വിശുദ്ധി തിരിച്ചുപിടിക്കലും ആണ് റംസാന്‍ മാസത്തിലൂടെ ഓരോ വിശ്വാസിയും ചെയ്യുന്നത്.

പകല്‍ നീണ്ടുനില്‍ക്കുന്ന ഉപവാസത്തിലൂടെ പ്രധാനമായും ഇന്ദ്രിയ നിയന്ത്രണമാണ് സാധ്യമാവുന്നത്. അതിനോടൊപ്പം ഉള്ള പ്രാര്‍ത്ഥനയിലൂടെയും വായനയിലൂടെയും മാനസികമായ ഉല്‍ക്കര്‍ഷമാണ് സിദ്ധിക്കുന്നത്. റംസാനിലെ കഠിനമായ വ്രതാനുഷ്ഠാനങ്ങളും നിയന്ത്രണങ്ങളും പാലിച്ചു കഴിയുമ്പോള്‍ വിശ്വാസിയുടെ മനസ്സ് കഴുകിയുണക്കിയതു പോലെ ശുദ്ധമായി തീരുന്നു.

നല്ല മനസ്സ് തുടരുക, അതാണ് റംസാന്‍ കാക്ഷിക്കുന്നത്. വിശ്വാസികള്‍ നേടുന്നതും അതു തന്നെ.