ക്രിസ്റ്റി ഫെര്‍ണാണ്ടസും കെ വി തോമസും പൊതുപര്യടനം തുടങ്ങി

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (16:06 IST)
PRO
എറണാകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും യുഡി‌എഫ് സ്ഥാനാര്‍ത്ഥി കെ വി തോമസും പൊതുപര്യടനം ആരംഭിച്ചു. ക്രിസ്റ്റിയുടെ പര്യടനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊച്ചി നിയോജക മണ്ഡലത്തിലെ കുമ്പളങ്ങി പഞ്ചായത്തിലെ കുമ്പളങ്ങി നോര്‍ത്തില്‍ രാവിലെ ഡോ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വ്വഹിച്ചു.

കുമ്പളങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും, ചെല്ലാനം സൗത്ത്‌, ചെല്ലാനം നോര്‍ത്ത്‌, നസ്രത്ത്‌, ഫോര്‍ട്ട്കൊച്ചി നോര്‍ത്ത്‌, ഫോര്‍ട്ട്കൊച്ചി സൗത്ത്‌ എന്നിവിടങ്ങളില്‍ 100 ഓളം കേന്ദ്രങ്ങളില്‍ തൊഴിലാളികളും, ഇടതുമുന്നണി പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ഫോര്‍ട്ട്‌ കൊച്ചിയില്‍ പര്യടനം അവസാനിച്ചു.

വൈപ്പിന്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7.30 ന്‌ പള്ളിപ്പുറം പഞ്ചായത്തില്‍നിന്ന്‌ ആരംഭിക്കുന്ന പര്യടനം ചെറായി, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച്‌ വൈകീട്ട്‌ നായരമ്പലത്ത്‌ സമാപിക്കും. രാവിലെ കണ്ണമാലിയിലെ വിശുദ്ധ ഔസെഫ്‌ പിതാവിന്റെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ്‌ കെ.വി തോമസ് തന്റെ പ്രചരണം തുടങ്ങിയത്.

തീരദേശത്ത്‌ പ്രവര്‍ത്തിക്കുന്ന കയറ്റുമതി സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികള്‍ കൂട്ടമായി വന്നു തോമസിനെ സ്വീകരിച്ചു. മുപ്പത്തി മൂവായിരം കുട്ടികള്‍ക്ക്‌ ഉച്ച ഭക്ഷണം നല്‍കുന്ന വിദ്യാപോഷണംപോഷക സമൃദ്ധം പദ്ധതി തീര ദേശ മേഖലയ്ക്കു വളരെ പ്രയോജനകരമായി എന്നു കെ.വി. തോമസ്‌ പറഞ്ഞു.

തീരദേശ പരിപാലന നിയമത്തിലെ ഭവന നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന ആവശ്യം ശക്തമായിരുന്നു. തോപ്പുംപടി മണ്ഡലത്തിലും പള്ളുരുത്തിയിലും എസ്‌ എന്‍ ജങ്ക്ഷന്‍, പ്യാരി ജങ്ക്ഷന്‍ എന്നിവിടങ്ങളിലും പര്യടനത്തിനുശേഷം കെ.വി. തോമസ്‌ റോഡില്‍ പര്യടനം സമാപിച്ചു