കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ ആ വക്രബുദ്ധി വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്ത്രമാണെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങളും കോണ്‍ഗ്രസിന് എതിരാണ്. യുഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. ഒരു സീറ്റില്‍ പോലും അവര്‍ ജയിക്കില്ല- പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് പണമൊഴുക്കുമെന്നും ഇതിനെതിരെ ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുപിഎയും തകരുന്നതോടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹം നടക്കാന്‍ പോകുന്നില്ല. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളാണ് ഇത്തവണ രാജ്യത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.