സുസ്ഥിരമല്ലാത്ത പ്രകടനങ്ങളുടെ കാര്യത്തില്‍ മറ്റെല്ലാ ടീമുകളെയും പിന്നിലാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്നെയും പരാജയപ്പെട്ടു. ഇംഗ്ലീഷ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 42 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത്.
ആദ്യം ബാറ്റു ചെയ്‌ത ഇംഗ്ലണ്ടിന്‍റെ 281 റണ്‍സ് എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 239 റണ്‍സില്‍ എത്തുമ്പോള്‍ എല്ലാവരും പുറത്തായി. രണ്ടാം ഏകദിനത്തില്‍ വമ്പന്‍ സ്‌കോര്‍ അടിച്ചു കൂട്ടിയതിന്‍റെ അമിത വിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ പിന്തുടര്‍ന്നപ്പോള്‍ കാലിടറി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുണയായത് ആദ്യ മത്സരത്തിലെ പോലെ തന്നെ ഇയാന്‍ ബെല്ലായിരുന്നു. ഓപ്പണറായെത്തിയ ബെല്‍ 89 ബോളില്‍ 79 റണ്‍സെടുത്ത് നല്കിയ മികച്ച തുടക്കം ക്യാപ്റ്റന്‍ പോള്‍ കോളിങ് വുഡ്(44) ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ നിലനിര്‍ത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.1 ഓവറില്‍ പുറത്താകുകയായിരുന്നു.മികച്ച ഫോം തുടരുന്ന സൗരവ് ഗാംഗുലി 104 പന്തുകളില്‍ 72 റണ്‍സെടുത്തു.ക്യാപ്റ്റന്‍ ദ്രാവിഡും 56 റണ്‍സും യുവരാജ് സിങ്ങ് 45 റണ്‍സുമെടുത്ത് ഇന്ത്യന്‍ സ്കോറിന് മാന്യത നല്‍കി.
ഇയാന്‍ ബെല്‍ തന്നെയായിരുന്നു കളിയിലെ കേമനും. ഈ വിജയത്തോടെ ഏഴ് മല്‍സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 2 - 1ന് ഇംഗണ്ട് മുന്നിലെത്തി. വ്യാഴാഴ്ച മാഞ്ചസ്റ്ററിലാണ് നാലാം ഏകദിനം നടക്കുക.