ഇന്ത്യ ശക്തമായ നിലയില്‍

Webdunia
PTIPTI
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റില്‍ റണ്‍ കൊടുമുടിയേറുന്നത് കണ്ട് മൊഹാലി ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയിലെത്തി. ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മുന്‍ നായകന്‍ സൌരവ് ഗാംഗുലി(54)യും നൈറ്റ് വാച്ച് മാന്‍ ഇഷാന്ത് ശര്‍മ്മ(2)യുമാണ് ക്രീസില്‍.

അനില്‍ കുംബ്ലെ പരുക്കിനെ തുടര്‍ന്ന് ആദ്യ പതിനൊന്നില്‍ നിന്ന് വിട്ടു നിന്നതിനെ തുടര്‍ന്ന് മഹേന്ദ്ര സിങ്ങ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ടോസ് നേടിയ ധോനി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മൊഹാലിയിലെ പിച്ചിന്‍റെ വേഗത മുതലെടുത്ത് മിന്നുന്ന തുടക്കമാണ് ഗൌതം ഗംഭീറും വിരേന്ദ്ര സെവാഗും ഇന്ത്യക്ക് നല്‍കിയത്.

പതിവ് ശൈലിയില്‍ ബാറ്റ് വീശിയ സെവാഗ് 36 പന്തില്‍ നിന്ന് 35 റന്‍സ് നേടി പുറത്താകുകയായിരുന്നു. ആറ് ബൌണ്ടറികളടിച്ച സെവാഗ് മിച്ചല്‍ ജോണ്‍സന്‍റെ പന്തില്‍ കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും ഗൌതം ഗംഭീറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് സ്ഥിരത നല്‍കിയെങ്കിലും ഇന്ത്യന്‍ സ്കോര്‍ 146 എത്തിയപ്പോള്‍ ഒന്നിന് പുറകേ ഒന്നായി വിക്കറ്റ് കളഞ്ഞു. ഗംഭീര്‍(67) ജോണ്‍സന്‍റെ പന്തില്‍ ഹാഡിന് ക്യാച്ച നല്‍കിയപ്പോള്‍ ദ്രാവിഡ്(39)ബ്രറ്റ് ലീയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായി.

പന്ത്രണ്ട് റണ്‍സെടുത്ത ലക്‌ഷമണും ജോണ്‍സന്‍റെ പന്തില്‍ ഹാഡിന്‍ പിടിച്ച് പുറത്തായി. ഇതിന് പിന്നാലെയാണ് സച്ചിനും സൌരവ് ഗാംഗുലിയും ക്രീസില്‍ ഒന്നിച്ചത്. ഇരുവരും വ്യക്തിഗത നാഴികകല്ലുകള്‍ കടന്നതോടൊപ്പം ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിക്കുകയും ചെയ്തു. സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായും 12,000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ താരമായും മാറിയ മത്സരത്തില്‍ ടെസ്റ്റില്‍ 7,000 റണ്‍സ് എന്ന ചരിത്രനേട്ടം ഗാംഗുലിയും സ്വന്തമാക്കി.

ഇന്ത്യന്‍ സ്കോര്‍ 163ല്‍ നില്‍ക്കുമ്പോള്‍ ഒന്നിച്ച ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. പത്തു ബൌണ്ടറികളുടെ സഹായത്തോടെ 88 റണ്‍സ് നേടിയ സച്ചിന്‍ അരങ്ങേറ്റ താരം പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ മാത്യൂ ഹെയ്ഡന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. നേരത്തെ സച്ചിന്‍ ബ്രയാന്‍ ലാറയുടെ ലോക റിക്കോഡ് മറികടന്നതും സിഡിലിന്‍റെ പന്തിലായിരുന്നു.