ഒരറ്റത്ത് വിക്കറ്റ് കൊഴിയല്‍ സംഭവിച്ചെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ അര്‍ദ്ധ ശതകം ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ മറികടക്കാന്‍ സഹായിച്ചു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 265 പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എടുത്തു.
ഉച്ച ഭക്ഷണത്തിന് ശേഷം ഉണ്ടായ ബാറ്റിംഗ് തകര്‍ച്ചയെ ഇന്ത്യ നേരിട്ടത് സൌരവ് ഗാംഗുലിയുടെയും വി വി എക്‍സ് ലക്ഷ്മണിന്‍റെയും മികച്ച ബാറ്റിംഗിലൂടെ ആയിരുന്നു. ഗാംഗുലി 111 പന്തുകളില്‍ എട്ട് ഫോറുകളും ഒരു സിക്‍സുമായി 80 റണ്‍സ് കണ്ടെത്തിയപ്പോള്‍ ലക്ഷ്മണ്‍ 50 റണ്‍സ് എടുത്ത് മോര്‍ക്കലിനു കീഴടങ്ങി.
ക്രീസില്‍ ഗാംഗുലിക്ക് കൂട്ട് ആറ് റണ്‍സുമായി നില്‍ക്കുന്ന ഹര്‍ഭജന്‍ സിംഗാണ്. ലഞ്ചിനു ശേഷം ആദ്യം പുറത്തായത് ദ്രാവിഡായിരുന്നു. 29 റണ്‍സ് എടുത്ത ഇന്ത്യന്‍ വന്‍മതിലിനെ മോര്‍ക്കലിന്‍റെ പന്തില്‍ ഡിവിലിയേഴ്‌സ് പിടിച്ചു. യുവ്‌രാജ് സിംഗ് 32 റണ്‍സുമായി പോള്‍ ഹാരീസിനു മുന്നില്‍ ഡിവിലിയേഴ്‌സിനു ക്യാച്ച് നല്‍കി. തൊട്ടു പിന്നാലെ ധോനിയും ഇതേ സ്കോറിനു ഹാരീസിന്‍റെ പന്തില്‍ ബൌച്ചറിന്‍റെ കയ്യിലെത്തി.
ഇന്ത്യയ്‌ക്ക് രാവിലെ തന്നെ വീരേന്ദ്ര സെവാഗിനെയും വസീം ജാഫറിനെയുമാണ് നഷ്ടമായി. രണ്ടുപേരും വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ജാഫര്‍ 34 പന്തില്‍ 15 റണ്‍സ് എടുത്ത് മോര്‍നേ മോര്‍ക്കലിനു കീഴടങ്ങി. സെവാഗ് എട്ട് റണ്‍സിന് ഡേല്‍ സ്റ്റെയ്‌നു മുന്നിലും വീണു. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 265 റണ്‍സിനു ഇന്ത്യ പുറത്താക്കിയിരുന്നു.