ഇന്ത്യ തിരിച്ചടിക്കുന്നു

Webdunia
PTIPTI
ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്കായുള്ള ഇന്ത്യാ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 68 റണ്‍സ് നേടി. ഇന്ത്യക്കായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയത് വിരേന്ദ്ര സെവാഗും(43) ഗൌതം ഗംഭീറും (20) ആത്മവിശ്വാസത്തോടെ ഓസീസ് ബൌളിങ്ങിനെ നേരിടുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് രണ്ടാം ദിവസം കളി അവസാനിപ്പിക്കുകയായിരുന്നു.

തന്‍റെ പതിവ് ശൈലിയില്‍ ഓസ്ട്രേലിയന്‍ ബൌളിങ്ങിനെ കടന്നാക്രമിച്ച സെവാഗ് 55 പന്തുകളില്‍ നിന്നാണ് 43 റണ്‍സ് നേടിയത്. ഇതിനിടയില്‍ ഏഴ് ബൌണ്ടറികളും സെവാഗ് കണ്ടെത്തി. അതേ സമയം സംയമനത്തോടെ ബാറ്റ് ചെയ്ത ഗംഭീര്‍ 55 പന്തുകളില്‍ മൂന്നു ബൌണ്ടറികളുടെ സഹായത്തോടെയാണ് 20 റണ്‍സിലെത്തിയത്.

നേരത്തെ സാഹിര്‍ ഖാന്‍റെയും ഇഷാന്ത് ശര്‍മ്മയുടെയും തീപാറുന്ന ബൌളിങ്ങിന് മുന്നില്‍ ഓസീസ് ഇന്നിങ്ങ്‌സ് 430 റണ്‍സിന് അവസാനിച്ചിരുന്നു. ആദ്യ ദിനത്തില്‍ നായകന്‍ റിക്കി പോണ്ടിങ്ങും രണ്ടാം ദിവസം മൈക്ക് ഹസിയും നേടിയ സെഞ്ച്വറികളാണ് ഓസീസിനെ മികച്ച സ്കോറില്‍ എത്തിച്ചത്.

ഇന്ത്യക്കായി ഒന്നാം ഇന്നിങ്ങ്‌സില്‍ സാഹിര്‍ ഖാന്‍ അഞ്ചും ഇഷാന്ത് ശര്‍മ്മ നാലും വിക്കറ്റുകള്‍ വീഴ്ത്തി.