ഇന്ത്യയ്ക്ക് ജയം അരികെ

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2008 (14:39 IST)
ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ വിജത്തിന് ഇനി 256 റണ്‍സിന്‍റെ കാത്തിരിപ്പ് മാത്രം. അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായ സമയത്ത് കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന സുരക്ഷിത തീരത്താണ്.

40 ഓവര്‍ കളി ശേഷിക്കെ ജയിക്കാന്‍ വേണ്ടത് ഇനി 83 റണ്‍സ്. ഇപ്പോള്‍ 65 റണ്‍സുമായി സച്ചിനും 45 റണ്‍സുമായി യുവരാജ് സിംഗും ക്രീസില്‍.

ഒരു വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ ആന്‍ഡ്രു ഫ്ലിന്‍റോഫ് തുടക്കത്തിലേ ഞെട്ടിച്ചെങ്കിലും തന്‍റെ പ്രിയ ഗ്രൌണ്ടില്‍ നിശ്ചയദാര്‍ഡ്യത്തോടെ ബാറ്റ് വീശിയ സച്ചിനും ഗംഭീറും യുവരാജും ചേര്‍ന്നാണ് ഇന്ത്യയെ ലക്‍ഷ്യത്തിലേക്കടുപ്പിച്ചത്.

ഗംഭീറുമൊത്ത് 42 റണ്‍സിന്‍റെയും ലക്‍ഷമണുമൊത്ത് 41 റണ്‍സിന്‍റെയും കൂട്ടുകെട്ടുയര്‍ത്തിയ സച്ചിന്‍ പിരിയാ‍ത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ യുവരാജുമൊത്ത് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇന്ന് കണ്ണടച്ചു തുറക്കു മുന്‍പെ രാഹുല്‍ ദ്രാവിഡിനെ(04‌)നഷ്ടമായെങ്കിലും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞില്ല.ഒരറ്റത്ത് ചെറിയ ചെറിയ കൂട്ടുകെട്ടുകളിലുടെ സച്ചിന്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ അമരക്കാരനായപ്പോള്‍ ഇംഗ്ലണ്ട് വിയര്‍ത്തു.ദ്രാവിഡിനെ കൂടാതെ ഗംഭീര്‍(66), ലക്‍ഷ്മണ്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കിന്ന് നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി സ്വാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.