ഇന്ത്യക്ക് ടോസ്, ബാറ്റിങ്ങ്

Webdunia
വെള്ളി, 19 ഡിസം‌ബര്‍ 2008 (10:06 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. മൊഹാലിയില്‍ നടക്കുന്ന മത്സരം വെളിച്ചകുറവ് കാരണം നിശ്ചിതസമയത്തിലും വൈകിയാണ് ആരംഭിച്ചത്.

ടോസ് നഷടപ്പെട്ടത് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. മത്സരത്തിന്‍റെ ആദ്യ ദിവസവും അവസാന ദിവസവും മൊഹാലിയിലെ പിച്ച് ബൌളര്‍മാരെ തുണയ്ക്കുമെന്നാണ് ഇംഗ്ലണ്ടിന്‍റെ വിലയിരുത്തല്‍.

ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ കളിച്ച് ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇംഗ്ലണ്ട് മൊഹാലിയില്‍ ഇറങ്ങിയിരിക്കുന്നത്. സ്റ്റീവ് ഹാര്‍മിസണ് പകരം യുവ ഫാസ്റ്റ് ബൌളര്‍ സ്റ്റുവേര്‍ട്ട് ബ്രോഡിനെയാണ് ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അതേ സമയം ചെന്നൈയില്‍ തിളങ്ങാനാകാതെ പോയ ഇടങ്കയ്യന്‍ സ്പിന്നര്‍ മോണ്ടി പനേസറിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ചെന്നൈ ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പാക്കി കഴിഞ്ഞു. നേരത്തെ ഏകദിന പരമ്പര 5-0ത്തിന് ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച മത്സരങ്ങളിലെല്ലാം തോറ്റു എന്ന് നാണക്കേട് ഒഴിവാക്കുക എന്ന ലക്‌ഷ്യത്തോട് കൂടിയാണ് ഇംഗ്ലണ്ട് മൊഹാലിയിലിറങ്ങിയിരിക്കുന്നത്.