സ്ത്രീ ചട്ടിയിലെ ചെടിയല്ല

Webdunia
പ്രകൃതിയില്‍ നിന്ന് പുരുഷന് വേറിടാനാവില്ല. മതത്തിന്‍റെയും ജാതിയുടെയും നശ്വര മേല്‍ക്കോയ്മയുടെ അപ്പുറം സ്ത്രീപുരുഷ ബന്ധങ്ങളെ മാനവസ്നേഹത്തിന്‍റെ അനശ്വരതയിലേയ്ക്ക് നയിക്കുകയാണ് മാതാ അമൃതാനന്ദമയീ ദേവി.

വിശ്വപ്രേമം വഴിയുന്ന കണ്ണുകളോടെ വാത്സല്യമധുരം കിനിയുന്ന അമൃതവാണിയിലൂടെ അമ്മ ലോകത്തിന് സ്നേഹാമൃതം നല്‍കുന്നു. ലോക വനിതാ മതനേതാക്കളുടെ സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയി നടത്തിയ പ്രഭാഷണം.

വിശ്വപ്രേമമയി സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ കാണുന്നു. സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അമ്മ സംതൃപ്തയല്ല. സ്ത്രീകള്‍ പരമമായ ആത്മജ്ഞാനം നേടണം. ഇതോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഭൗതിക നേട്ടങ്ങളും ഉണ്ടായാലേ സ്ത്രീ സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകൂ.

സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ അമ്മ വെറുക്കുന്നു. സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നതിനെയും വേദമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നത് വിലിക്കിയിരുന്നതിനെയും മേല്‍ജാതിയുടെ തെറ്റിദ്ധരിപ്പിക്കലായി കാണുന്നു.

ആരാധനാലയങ്ങളില്‍ സ്ത്രീകളെ നിയോഗിക്കുവാന്‍ അമ്മ ഉത്സാഹിക്കുന്നു. അമൃതാനന്ദമയീ മഠത്തിന്‍റെ ആരാധനാലയങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മം നടത്തുന്നത് അമ്മയാണ്.

പുരുഷന്മാര്‍ സ്ത്രീകളെ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളാവാന്‍ നിര്‍ബന്ധിക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരുടെ വിനോദോപാധിയല്ല. അവര്‍ക്കും ചിന്തിക്കാനും സ്വതന്ത്രരാകാനും വളരാനുമുള്ള അവകാശമുണ്ട്.

സ്ത്രീയുടെ സ്ഥാനം അതുല്യമാണ്. കൃഷ്ണനും, ബുദ്ധനും, ക്രിസ്തുവിനും അവതാരമെടുക്കാന്‍ ഒരു അമ്മയുടെ സഹായം വേണ്ടി വന്നു. ശിശുവിനെ ഉദരത്തില്‍ വഹിച്ച് അതിന് വളരാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ നല്‍കി ജന്മം നല്‍കുന്നത് ബലഹീനതയായല്ല പരിഗണിക്കേണ്ടത്. ഇത് യാതനയായും കാണരുത്.

സ്ത്രീയും പുരുഷനും തുല്യരാണ്- വലതു കണ്ണും ഇടതു കണ്ണും പോലെ. പുരുഷന്മാരുടെ ഉപബോധത്തില്‍ സ്ത്രീയുണ്ടായിരിക്കും. അതുപോലെ സ്ത്രീകളുടെ ഉപബോധത്തില്‍ പുരുഷനും. ഒരുവനിലെ സ്ത്രീ-പുരുഷ ഗുണങ്ങള്‍ സന്തുലനം ചെയ്താലേ യഥാര്‍ത്ഥ മാനവികയുണ്ടാകൂ.

അമ്മയെന്ന സങ്കല്‍പ്പം ശിശുവിന് ജനനം നല്‍കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഇത് സ്നേഹമെന്ന മാനസികാവസ്ഥയാണ്. സ്നേഹം ജീവിതത്തിന്‍റെ ആധാരവും. ഇത് പുരുഷനിലും സ്ത്രീയിലും ഒരു പോലെ ലീനമായിരിക്കുന്നു.

സ്ത്രീസമത്വമെന്നാല്‍ പുരുഷന്മാരെ അനുകരിക്കലല്ല. പുരുഷാനുകരണത്തില്‍ സ്ത്രീയ്ക്ക് സ്വന്തം സ്ഥാനം നഷ്ടപ്പെടുന്നു. സ്ത്രീ അമ്മയാണ്, ആദി ഗുരുവാണ്, ലോകത്തിന്‍റെ മാര്‍"ദര്‍ശിയാണ്.

വരും കാലഘട്ടം ലോകമാതൃത്വത്തിന്‍റെ പുരോഗതിക്കായി സമര്‍പ്പിക്കണമെന്ന് അമ്മ അനുഗ്രഹിക്കുന്നു. എല്ലാ സ്ത്രീകളും അവരിലുള്ള മാതൃത്വത്തിന്‍റെ സാക്ഷാത്ക്കാരം നടത്തണം. ഇത് നമ്മുടെ സമാധാനത്തിന്‍റെ സ്വപ്നങ്ങളെ പൂവണിയിക്കും. ശരിയായ മാര്‍"ദര്‍ശനം എന്നത് സ്നേഹത്തോടും അനുകമ്പയോടും കൂടിയുള്ള സഹവര്‍ത്തിത്വമാണ്.