ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Webdunia
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, നാഷണല്‍ ഹൈവേയില്‍ മാധവാ ജംഗ്ഷനടുത്ത്. പ്രധാന മൂര്‍ത്തി ചതുര്‍ബാഹുവായ സുബ്രഹ്മണ്യന്‍.

ആദ്യ സങ്കല്‍പം വിഷ്ണുവായിരുന്നു. വേലായുധന്‍ എന്നാണ് ഇപ്പോള്‍ സങ്കല്‍പമെങ്കിലും മൂര്‍ത്തിയെ വിഷ്ണുവായും ശിവനായും സങ്കല്‍പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിലുണ്ട്.

കിഴക്കോട്ട് ദര്‍ശനം. ഉപദേവത : ദക്ഷിണാമൂര്‍ത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണന്‍, ശാസ്താവ്.
അഞ്ചു പൂജ. പൂജയ്ക്കു പുലൂര്‍ ഗ്രാമസഭക്കാരന്‍ വേണമെന്ന് നിശ്ഛയമുണ്ട്. മുന്‍പ് പുറപ്പെടാശാന്തിയായിരുന്നു. തന്ത്രം പുല്ലാംവഴി. ഉച്ചപ്പൂജയ്ക്ക് തന്ത്രി വേണമെന്നും നിശ്ഛയം. ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍.

ഇടിച്ചുകൂട്ടി പായസമാണ് പ്രധാന നേദ്യം. തുലാപായസം പ്രധാനവഴിപാട്.

അക്കാലഘട്ടത്തിലെ പ്രതിഷ് ഠയായിരിക്കണം ശാസ്താവിനുവേണ്ടി പണിതീര്‍ത്ത ക്ഷേത്രം എന്ന് ഐതിഹ്യം. ഇത് ബൗദ്ധനെ പ്രതിഷ് ഠിക്കാന്‍ തയ്യാറാക്കിയ ക്ഷേത്രമാണെന്നും ഭടന്മാരുടെ താത്വികചിന്താ വിജയത്തെതുടര്‍ന്ന് വൈഷ്ണവ വിഗ്രഹം പ്രതിഷ് ഠിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ശൈവരും സുബ്രഹ്മണ്യ ആരാധകരും വിയോജിപ്പു പ്രകടിപ്പിക്കാതിരിക്കാന്‍ ആ രണ്ടു സങ്കല്‍പങ്ങള്‍ കൂടി ക്ഷേത്രസങ്കല്‍പത്തില്‍ കൈവരുത്തി എന്നും വേണമെങ്കില്‍ കണക്കുകൂട്ടാം.


ഐതീഹ്യം

ശാസ്താവിനു വേണ്ടി പണിതീര്‍ത്ത ക്ഷേത്രത്തില്‍ കായംകുളം പടിഞ്ഞാറുഭാഗത്ത് കായലില്‍ കണ്ടെത്തിയ വിഗ്രഹം പ്രതിഷ് ഠിച്ചു എന്നാണ് ഐതിഹ്യം.

വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് കണ്ടല്ലൂര്‍ എന്നാണ് പേര്. വഞ്ചിയില്‍ കൊണ്ടുവന്ന വിഗ്രഹം കടവില്‍ അടുപ്പിച്ച് അരനാഴികനേരം കരയില്‍ ഇരുത്തി. ആ കടവിന് അരനാഴികക്കടവ് എന്ന പേരുവന്നു എന്ന് പഴമ. വിഗ്രഹം ആഘോഷപൂര്‍വം കൊണ്ടുവന്നതിനെ സ്മരിച്ചാണ് പായിപ്പാട് ജലോത്സവം.

തൃപ്പക്കൂടത്തെ ശിവന്‍ ഇവിടത്തെ സുബ്രഹ്മണ്യന്‍റെ പിതാവാണെന്നും ഒരു പുരാവൃത്തമുണ്ട്. വിഷ്ണുവിഗ്രഹം സുബ്രഹ്മണ്യനായും ശിവനായും സങ്കല്‍പിക്കാന്‍ കാരണം മൂന്ന് ആരാധക സംഘങ്ങളെയും തൃപ്തിപ്പെടുത്താന്‍ നടത്തിയ ക്രമീകരണമാകണം.

ക്ഷേത്രത്തിനു പുറത്തുള്ള വൈഷ്ണവ രാജാക്കന്മാര്‍ കേരളത്തില്‍ പ്രതിഷ്ടിക്കുന്നതിന് വിഗ്രഹങ്ങളും വൈശ്ണവ മതം പ്രചരിപ്പിക്കുന്നതിന് ബ്രാഹ്മണരെയും അയച്ചിരുന്നതായി ഊഹിക്കുന്നുണ്ട്.

ഇതുപോലെ അയയ്ക്കപ്പെട്ട വൈഷ്ണവ ഭടന്മാരാണ് ബൗദ്ധരെയും ജൈനരെയും വാദത്തില്‍ പരാജയപ്പെടുത്തിയതും കൊടുങ്ങല്ലൂര്‍ തലസ്ഥാനമാക്കി കേരളം വാണിരുന്ന കുലശേഖര രാജാവിനെ വൈഷ്ണവനാക്കിയതെന്നുമാണ് ഐതിഹ്യങ്ങള്‍.

ഈ ക്ഷേത്രത്തില്‍ പീലിവിടര്‍ത്തിയാടുന്ന മയിലിനെകണ്ടാണ് കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തന്‍റെ പ്രാണേശ്വരിക്ക് മയില്‍ മുഖെന സന്ദേശം കൊടുക്കുന്ന മയൂരസന്ദേശം രചിച്ചത്.


ഉത്സവം

ക്ഷേത്രത്തിലെ ആദ്യത്തെ ഉത്സവം ഇവിടത്തെ മൂര്‍ത്തിയെ വിഷ്ണുവായി സങ്കല്‍പിച്ചാണ്. ചിങ്ങത്തില്‍ തിരുവോണം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം (കുലശേഖരന്മാരുടെ കാലത്തും തൃക്കാക്കരയില്‍ ഉത്സവം ചിങ്ങത്തിലെ തിരുവോണം നാളിലായിരുന്നുവത്രെ).

ശിവനായി സങ്കല്‍പിച്ച് ധനുവിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം. വേലായുധ സങ്കല്‍പത്തില്‍ മേടത്തില്‍ കണികണ്ടു കൊടികയറി പത്തു ദിവസത്തെ ഉത്സവം. മകരത്തിലെ തൈപ്പൂയ നാളില്‍ ഈ ക്ഷേത്രത്തില്‍ നടക്കുന്ന കാവടിയാട്ടമാണ് കേരളത്തിലെ ഏറ്റവും വലിയ കാവടിയാട്ടം. രണ്ടായിരത്തോളം കാവടികളുണ്ടാകും)

ക്ഷേത്രത്തിലെ ഉത്സവത്തിന് ഒന്നാം ദിവസം ഒന്നും, രണ്ടാം ദിവസം രണ്ടും, മൂന്നും നാലും ദിവസങ്ങളില്‍ മൂന്നും, അഞ്ച്, ആറ്, ഏഴ്, എട്ട് ദിവസങ്ങളില്‍ നാലും ആനകള്‍, ഒന്‍പതാം ദിവസം ഏഴ്, ആറാട്ടിന് ആറ് എന്നും കീഴ്വഴക്കം.