നിസ്വാര്‍ത്ഥ സേവനത്തിന്‍റെ നിറകുടം - സ്വാമി ആതുരദാസ്

Webdunia
2007 ജൂലൈ രണ്ട് ഃ മിഥുനത്തിലെ ഉത്രാടം - & കുറിച്ചിയിലെ സ്വാമി ആതുരദാസിന്‍റെ പിറന്നാള്‍ അന്നായിരുന്നു. അദ്ദേഹത്തിന് 94 വയസായി.

ചട്ടമ്പി സ്വാമിയുടെ ശിഷ്യനായ ഭക്താനന്ദസ്വാമിയുടെ ശിഷ്യനായി സ്വാമി ആതുരദാസ് തന്‍റെ ജീവിതം സമൂഹ സേവനത്തിനായി ഉഴിഞ്ഞുവച്ചു. ഒരര്‍ത്ഥത്തില്‍ സ്വന്തം പേര് കര്‍മ്മത്തിലൂടെ അന്വര്‍ഥവും അനശ്വരവുമാക്കിയ വ്യക്തി ഉണ്ടാവില്ല.

സന്യാസം ആത്മീയ സാക്ഷാത്കാരത്തിനു മാത്രമുള്ളതല്ല എന്ന് തെളിയിച്ച വ്യക്തിയായിരുന്നു സ്വാമി ആതുരദാസ്. അദ്ദേഹം ത്യാഗം കൊണ്ടേ ശാന്തിയുണ്ടാവൂ എന്ന് വിശ്വസിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി കര്‍മ്മം ചെയ്യുകയാണ് ത്യാഗമെന്നും വിശ്വസിച്ചു. മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അത് തെളിയിച്ചു കാട്ടുകയും ചെയ്തു.

1913 മിഥുനമാസത്തിലെ ഉത്രം നാളില്‍ ചന്നാനിക്കാട് ചേട്ടിയാത്ത് അയ്യപ്പക്കുറുപ്പിന്‍റെയും കുഞ്ഞുപെണ്ണമ്മയുടെയും മകനായി ജനിച്ചു. ഭക്താനന്ദസ്വാമിയുടെ ശിഷ്യനായി സന്യാസിയായി. ഇത്തിത്താനത്തെ കൊരട്ടി മലയിലായിരുന്നു ആദ്യം അദ്ദേഹം ആശ്രമം സ്ഥാപിച്ചത്. ആതുരാശ്രമം.

1952 ല്‍ കുറിച്ചി സചിവോത്തമപുരത്ത് ചികിത്സാ കേന്ദ്രം തുടങ്ങി. മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഈ ആതുരസേവാസംഘം സര്‍ക്കാരിന്‍റെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‍റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് ഹോമിയോ മെഡിക്കല്‍ കോളേജിനായുള്ള പ്രവര്‍ത്തനം തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടു കൂടി ഈ ആശുപത്രിയില്‍ ഗവേഷണ കേന്ദ്രവും പിന്നീട് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങി.

1978 ല്‍ മെഡിക്കല്‍ കോളേജിന്‍റെ ഭരണം സ്വാമി എന്‍.എസ്.എസിനു നല്‍കി. ഇതിനിടെ സ്വാമി കേരളത്തിലും തമിഴ്നാട്ടിലുമായി പതിനെട്ടിടത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി ഹോസ്റ്റലുകള്‍ ഒരുക്കി.

ആതുരാശ്രമത്തിന്‍റെ നെടും തൂണായി സ്വാമി തുടരുകയാണ്. കുറിച്ചി ആതുരാശ്രമം ഹോമിയോ കോളേജ്, ആതുരസേവാ സംഘം, വിദ്യാധിരാജ ബ്രഹ്മ വിദ്യാശ്രമം ട്രസ്റ്റ് എന്നിവയെല്ലാം ഇദ്ദേഹം സ്ഥാപിച്ചതാണ്.