ചിരഞ്ജീവിയാണ് ഹനുമാന്‍. രാമദാസനും ധീര യോദ്ധാവും മാത്രമല്ല സര്‍വ്വ ശാസ്ത്ര- വിദ്യാപാരംഗതനും ഗായകനുമാണ് ഹനുമാന്‍. ബ്രഹ്മത്തെ സേവിക്കാന്‍ ഹനുമാന്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവീക സവിശേഷതയുള്ള വ്യക്തിയുടെ ജനനത്തിനാണ് പ്രാധാന്യം; ദിനത്തിനല്ല.
ചൈത്ര ചന്ദ്രമാസം ശുക്ളപക്ഷത്തിലെ പൗര്‍ണ്ണമി രാവില്‍ ഹനുമാന്‍ ജനിച്ചു എന്ന് വിശ്വാസം, അതല്ല കാര്‍ത്തികമാസത്തിലെ നരക ചതുര്‍ദശി ദിനത്തിലാണെന്ന് മറ്റൊരു പക്ഷം.
ഹനുമാന്‍റെ ജനനത്തെ സംബന്ധിച്ച് പുരാണങ്ങളില്‍ പല ഐതീഹ്യങ്ങളുമുണ്ട്. ശിവന് പാര്‍വ്വതിയിലുണ്ടായ സന്താനമാണ് ഹനുമാന്‍ എന്നാണ് ഐതീഹ്യം. ശിവന് മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിലുണ്ടായ സന്താനമാണെന്നാണ് മറ്റൊരു ഐതീഹ്യം.
ദശരഥന്‍ പുത്രികാമോഷ്ടി യാഗം നടത്തിയപ്പോള്‍ കിട്ടിയ ദിവ്യ പായസത്തില്‍ കുറച്ച് പരുന്ത് അഹരിച്ചുകൊ മ ロു പോകവേ അതിലല്പം അജ്ഞനയുടെ വിരലുകളില്‍ വീണുവെന്നും അതിന്‍റെ ഫലമായി ഹനുമാന്‍ പിറന്നുവെന്നും വേറൊരു ഐതീഹ്യം.
വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.
ഒരിക്കല്‍ ശിവന്‍ രൗദ്രതേജോരൂപത്തില്‍ അഞ്ജനാ ഭര്‍ത്താവായ കേസരിയില്‍ പ്രവേശിച്ച്, അഞ്ജനയുമായി രമിച്ചു. അതിനു ശേഷം വായുദേവനും അഞ്ജനയുമായി രമിച്ചു.
ഈ രണ്ട് ദേവന്മാരുടെയും സംയോഗഫലമായി അഞ്ജന ഗര്‍ഭവതിയായി. അവള്‍ വാനരമുഖമുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ഇതില്‍ ദുഖിതയായ അഞ്ജന കുഞ്ഞിനെ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ എറിയാന്‍ ഒരുങ്ങി. വായുദേവന്‍ ഇടപെട്ട് കുട്ടിയെ രക്ഷിച്ചു.
ബൃഹസ്പതിയുടെ ശാപം മൂലമാണ് അഞ്ജന വാനരസ്ത്രീയായി മാറിയത്. ശിവനില്‍ നിന്നും സന്താനം ലഭിച്ചാല്‍ അവള്‍ക്ക് ശാപമോക്ഷവും ലഭിക്കും.
ശിവനില്‍ നിന്നും ഹനുമാന്‍ അഞ്ജനയില്‍ ജന്മമെടുത്തതോടുകൂടി അവള്‍ ശാപമോക്ഷയായി സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.
ഉണ്ണിക്കുരങ്ങന് നാശമുണ്ടാവുകയില്ലെന്നും സൂര്യനെപ്പോലെ പഴുത്തു നില്‍ക്കുന്ന ഫലങ്ങള്‍ ആഹാരമായി ലഭിക്കുമെന്നും പറഞ്ഞ് അവള്‍ സൂര്യനെ ചൂണ്ടിക്കാട്ടി. സൂര്യന്‍ ചുവന്നപഴമാണെന്ന് നിനച്ച് അതിന്‍റടുത്തേയ്ക്ക് യാത്രയായി.
വഴിയില്‍ ഐരാവതത്തെ കണ്ട ഹനുമാന്‍ അതിനെ വിഴുങ്ങാനൊരുങ്ങി. അതു കണ്ട ഇന്ദ്രന്‍ വജ്രായുധം കൊണ്ട് ഹനുമാന്‍റെ താടിയ്ക്ക് വെട്ടി. താടി മുറിഞ്ഞ ഹനുമാന്‍ ഭൂമിയിലേക്ക് വീണു. വജ്രായുധം ഹനുവില്‍ - താടിയെല്ല് - തട്ടി ക്ഷതമുദ്ര പതിഞ്ഞതിനാല്‍ ഉണ്ണിക്കുരങ്ങിന് ഹനുമാന്‍ എന്ന പേരുവന്നു.
രോഷം പൂണ്ട വായുദേവന്‍ ഹനുമാനെ എടുത്ത് പാതാളത്തിലേക്ക് പോയി. വായുവില്ലാതെ നിര്‍ജ്ജീവമായ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് തിരികെ എത്തണമെന്ന് അപേക്ഷിച്ച് ദേവന്മാര്‍ പാതളത്തിലെത്തി വായുദേവനെ തിരിച്ചു കൊണ്ടു വന്നു.
സര്‍വ്വശാസ്ത്ര വിദ്വാനും ഗായകനും
സൂര്യദേവനെ ഗുരുവായി തെരഞ്ഞെടുത്ത്, ഗുരുമുഖത്ത് കേന്ദ്രീകരിച്ച് ശൂന്യാകാശത്തില്‍ സൂര്യാഭിമുഖമായി പുറകോട്ട് സൂര്യഗതിക്കൊപ്പം അതിവേഗം സഞ്ചരിച്ചു സകല വേദശാസ്ത്രങ്ങളും 60 നാഴികയ്ക്കുള്ളില്‍ ഹനുമാന്‍ പഠിച്ചു തീര്‍ത്തു.
ഹനുമാന്‍ മികച്ച ഗായകനാണ്. പ്രകൃതിയെപ്പോലും ലയിപ്പിക്കുന്ന ഗായകനാണ് അദ്ദേഹം. ഗാനഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിക്കുന്ന നാരദനെപ്പോലും ഹനുമാന്‍ തോല്‍പ്പിച്ചിട്ടുണ്ട്. അത്ഭുത രാമായണത്തില്‍ ആ കഥ വിവരിക്കുന്നത് ഇപ്രകാരമാണ്.
ഒരിക്കല്‍ നാരദനും ഹനുമാനും കണ്ടുമുട്ടാനിടയായി. അപ്പോള്‍ ഹനുമാന്‍ ഒരു പാട്ടു പാടി. നാരദന്‍ തന്‍റെ വീണ അടുത്തുള്ള ഒരു പാറമേല്‍ വച്ചു. ഹനുമാന്‍റെ പാട്ട് കേട്ട് പാറ അലിഞ്ഞ് തുടങ്ങി. അതിന്‍റെ നാരദന്‍റെ വീണ ആഴ്ന്നിറങ്ങി. ഗാനമവസാനിച്ചതോടെ പാറ പൂര്‍വ്വസ്ഥിതിയിലായി.
പാട്ടുപാടി പാറയെ അലിയിച്ച് വീണു പുറത്തെുടക്കാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു. നാരദന്‍ ഗാനാലാപനം തുടങ്ങി. ശ്രമം വിഫലമായി. ഹനുമാന്‍ വീണ്ടും പാടി. പാറ അലിഞ്ഞു. നാരദന്‍ വീണ സ്വന്തമാക്കി.
ഹനുമാന്‍ ബ്രഹ്മചാരിയോ?
ആഞ്ജനേയന് ഒട്ടേറെ ഭക്തരുണ്ട്. കേരളത്തില്‍ പ്രസിദ്ധമായ ഒട്ടേറെ ആഞ്ജനേയ ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഹനുമാന്‍ കോവിലാണ് വികാസ് ഭവനിലെ ഹനുമാന്‍ കോവില്‍. ഹനുമാന്‍ ബ്രഹ്മചാരിയായ ദൈവമെന്നാണ് വിശ്വാസം.
എന്നാല്‍ ഹനുമത മംഗാഷ്ടമം എന്ന ഹനുമല്‍ ശ്ളോകത്തിന്‍റെ മൂന്നാം ശ്ളോകത്തില്‍ ഹനുമദ് പത്നിയായ സ്വര്‍ഛല ദേവിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഓരോ വ്യക്തിയുടെയും ഉളളില്‍ അന്തര്‍ലീനമായി പല കഴിവുകളുമുണ്ടെന്ന് ഹനുമാന്‍ ഭക്തി നമ്മെ പഠിപ്പിക്കുന്നു. ദാസ്യരൂപമാര്‍ന്ന ഭക്തിയെ മാതൃകയാക്കാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഹനുമാന്‍ ഭക്തിക്ക് പ്രസക്തിയേറി വരുന്നു.
ശൂന്യവത്ക്കരണത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സര്‍വ്വതും നേട്ടമായി കാണാനും ഇത് പ്രചോദനമേകുന്നു. രാമഭക്തിയില്‍ സ്വയം ശൂന്യനായി തീര്‍ന്ന ഹനുമാന്‍ അതിലൂടെ സര്‍വ്വതും നേടിയെടുക്കുന്നു. ഹനുമാന്‍ ഭക്തി പഠിപ്പിക്കുന്നത് ബ്രഹ്മത്തെ തിരിച്ചറിഞ്ഞ് സേവിക്കാനാണ്.
അഗ്നിപുരാണം 51-ാം അധ്യായത്തില്‍ പറയുന്നത് കൈയില്‍ വജ്രമേന്തിയും കാലുകളെക്കൊണ്ട് താന്‍ നില്‍ക്കുന്ന സ്ഥലത്തെ പീഡനം ചെയ്തുകൊണ്ടുമിരിക്കുന്ന നിലയിലാണ് ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതെന്നാണ്.
കൈകളില്‍ അറിവിന്‍റെ വജ്രമേന്തി, നാമാകുന്ന സ്ഥലത്തെ പീഡിപ്പിച്ച് നമ്മിലെ നല്ല അംശങ്ങളെയും കഴിവുകളെയും തിരിച്ചറിയാന്‍ ഹനുമല്‍ പ്രതിഷ്ഠയും ഹനുമല്‍ ജയന്തിയും നമ്മെ സഹായിക്കട്ടെ. ഈ പൗര്‍ണ്ണമി നിലാവ് നമ്മുടെ ജീവിതത്തിന്‍റെയും പൗര്‍ണിയായി മാറട്ടെ.