വേര്‍പാടുകളുടെ ഓണം: ജയറാം

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2009 (14:02 IST)
PRO
ഓണം എന്നും സന്തോഷം നിറഞ്ഞ അനുഭവങ്ങളും ഓര്‍മ്മകളുമാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. എങ്കിലും എനിക്കു തോന്നുന്നത് എല്ലാ ഓണക്കാലത്തിനും രണ്ടു രീതിയിലുള്ള പ്രതിഫലനം ഉണ്ട് എന്നാണ്. സന്തോഷകരമായി ഓണം ആഘോഷിക്കുന്നവര്‍ ഒരു ഭാഗത്തും ദുഃഖത്തിന്‍റെയും ഇല്ലായ്മകളുടെയും വറുതിയുടെയും ഓണക്കാലം മറ്റൊരു ഭാഗത്തും.

സമീപകാലത്തെ ഓണാഘോഷങ്ങള്‍ തന്നെ ഉദാഹരണമായെടുത്താല്‍ വേദനയും സന്തോഷവും ഇടകലര്‍ന്നിരിക്കുന്നതായി മനസിലാകും. പട്ടിണി മരണങ്ങള്‍ വരെ ഓണക്കാലത്തുണ്ടാകുന്നു. ചിക്കുന്‍ ഗുനിയ, പന്നിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ നമ്മെ വലയ്ക്കുന്നു. മുന്നോട്ടുള്ള ജീവിതം ഏറെ ദുഷ്കരമാക്കുന്ന രീതിയില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ ഓണം കടന്നുവരുമ്പോള്‍ ദുഃഖങ്ങള്‍ക്കിടയിലെ നനുത്ത സന്തോഷമാണ് ഉണ്ടാകുന്നത്.

കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. എല്ലാ ഇല്ലായ്മകള്‍ക്കും ദുരിതങ്ങള്‍ക്കും നടുവിലും ഓണാഘോഷങ്ങളുടെ പകിട്ട് കുറയ്ക്കരുതെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. എങ്കിലും ഇത്തവണത്തെ ഓണം എനിക്ക് വേദന നിറഞ്ഞതാണ്. കാരണം, മലയാള സിനിമയിലെ എന്‍റെ പ്രിയപ്പെട്ടവരായ ലോഹിതദാസ്, രാജന്‍ പി ദേവ്, മുരളി എന്നിവരെ നഷ്ടപ്പെട്ട ഓണക്കാലമാണിത്. നമ്മുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കടുത്ത വേദന തോന്നുന്നു.

ലോഹിതദാസിനൊപ്പം എത്രയോ സിനിമകള്‍, എത്രയോ ആഘോഷങ്ങള്‍, എത്രയോ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എത്രയോ പൂരങ്ങളിലും ഉത്സവങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു പങ്കെടുത്തിരിക്കുന്നു. ഇനി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ദുഃഖത്തോടെ അനുഭവിക്കുന്ന അസാന്നിധ്യം ലോഹിയുടേതായിരിക്കും.

രാജന്‍ പി ദേവിനെ അദ്ദേഹത്തിന്‍റെ നാടകക്കാലം മുതല്‍‌ക്കേ എനിക്കു പരിചയമുണ്ട്. ‘നാടകമൊക്കെ തല്‍ക്കാലം വിടാന്‍ പോകുവാ. സിനിമയിലേക്ക് അവസരങ്ങളൊക്കെ കിട്ടിത്തുടങ്ങിയിട്ടുണ്ട്’ എന്ന് അന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒട്ടേറെ സിനിമകള്‍. ഒരു നല്ല മനുഷ്യനെയും സുഹൃത്തിനെയുമാണ് രാജേട്ടന്‍റെ വേര്‍പാടോടെ എനിക്കു നഷ്ടപ്പെട്ടത്. ഈ ഓണക്കാലം അദ്ദേഹത്തെ ഓര്‍ക്കാതെ കടന്നു പോകാന്‍ എനിക്കു കഴിയില്ല.

മുരളിയേട്ടന്‍ കരുത്തനായ ഒരു നടനായിരുന്നു. ഞങ്ങള്‍ സിനിമാക്കാരുടെയൊക്കെ ഒരു ശക്തിയായിരുന്നു അദ്ദേഹം. മുരളിയേട്ടന്‍ പെട്ടെന്നു മറഞ്ഞതിന്‍റെ നടുക്കം ഇതുവരെ അകന്നിട്ടില്ല. ഓണത്തിന്‍റെ ആഘോഷമേളങ്ങള്‍ക്കിടയിലും ഈ വിരഹങ്ങള്‍ എന്‍റെ ഉള്ളിലുണ്ടാകും. അടങ്ങാത്ത ഒരു നൊമ്പരക്കടല്‍ സമ്മാനിച്ചിട്ടാണ് ഇവര്‍ നമ്മളെ വിട്ടുപിരിഞ്ഞത്.