ലക്ഷ്മിയുടെ രുചി എന്തായിരിക്കും?

Webdunia
ശനി, 29 ഓഗസ്റ്റ് 2009 (21:19 IST)
PRO
സമകാലിക കേരളത്തില്‍ രുചിയുടെ വിപ്ലവം സൃഷ്ടിച്ച ഒരാളുണ്ട്. പാചക നൈപുണ്യവും നിയമ വൈദഗ്ധ്യവും ഒരേപോലെ കൊണ്ടു നടക്കാനും അവര്‍ക്കേ കഴിയൂ ‍- കൈരളിയിലെ ‘മാജിക് ഓവന്‍’ എന്ന പാചക പരമ്പരയിലൂടെ മലയാളിയുടെ നാവിന്‍റെ രുചി ഭേദങ്ങളെ തൊട്ടറിഞ്ഞ ലക്ഷ്മി നായര്‍ക്ക് മാത്രം!

എല്ലാവര്‍ക്കും രുചിയൊരുക്കുന്ന ലക്ഷ്മിയുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ഓണനാളില്‍ കടന്നു ചെന്നപ്പോള്‍:

എല്ലാവര്‍ക്കുമായി പാചക വിധികള്‍ വിവരിക്കുന്നു, സ്വന്തം ഇഷ്ടത്തെ കുറിച്ച് പറയാമോ?

മധുരം എനിക്ക് വളരെ ഇഷ്ടമാണ്. ഉദാഹരണത്തിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന അരവണ. പിന്നെ, മിക്ക തരം പായസങ്ങളും ഇഷ്ടമാണ്.

വെജിറ്റേറിയനോ നോണോ?

അങ്ങനെ തീര്‍ത്ത് പറയാന്‍ പറ്റുമോ? നോണ്‍-വെജ് അത്ര ഇഷ്ടമല്ല. പിന്നെ, ചെറിയ മീനുകള്‍ എല്ലാം കറി വച്ച് കൂട്ടും. ചിക്കന്‍, മട്ടന്‍ തുടങ്ങിയവ നന്നായി വയ്ക്കാമെന്ന ആത്മവിശ്വാസം ഉണ്ട്. പക്ഷേ, അവയൊന്നും എനിക്കത്ര പഥ്യമല്ല.

പാചകത്തില്‍ എന്തെങ്കിലും പൊടിക്കൈകള്‍?

എനിക്ക് ഒരു കാര്യം നിര്‍ബന്ധമാണ്. കറികള്‍ക്ക് അരകല്ലില്‍ അരച്ച് ചേര്‍ക്കണം. വീട്ടില്‍ എല്ലാ കറികള്‍ക്കും കല്ലില്‍ അരച്ച് ചേര്‍ക്കുകയാണ് പതിവ്. വെള്ളം കുറച്ചും കൂട്ടിയും നമ്മുടെ ഇഷ്ടത്തിന് മിക്സിയില്‍ അരച്ച് എടുക്കാന്‍ പറ്റുമോ?

ഏറ്റവും ആസ്വാദ്യമായ വിഭവം?

സത്യം പറഞ്ഞാല്‍ രുചികളെ ‘വിമര്‍ശന ബുദ്ധിയോടെ’യാണ് എന്‍റെ നാവ് സ്വീകരിക്കുന്നത്. കൂടുതല്‍ പറഞ്ഞാല്‍ ചേരുവയുടെ ഏറ്റക്കുറച്ചിലുകള്‍ പരതുകയാണ് രുചി ആസ്വദിക്കുന്നതിനെക്കാളും ചെയ്യാറ്.

എന്നാലും ഏറ്റവും ആസ്വാദ്യത തോന്നുന്ന ഒരു വിഭവം ഉണ്ടാവുമല്ലോ?

അത് സാധാരണ അരിപ്പായസമാണ്. മിക്കപ്പോഴും വീട്ടിലുണ്ടാക്കും, ഉണ്ടാക്കാനും വളരെ എളുപ്പം.

ഒരു നൊസ്റ്റാള്‍ജിക് സ്വാദിനെ കുറിച്ച് പറയാമോ?

ഞാന്‍ കുട്ടിക്കാലത്ത് കോലിയക്കോട്ടെ (തിരുവനന്തപുരം) തറവാട്ടിലായിരുന്നു. അവിടെ കിച്ചടി, പച്ചടി, മോരു കറി തുടങ്ങിയവ അച്ഛമ്മ ഉണ്ടാക്കി ദിവസങ്ങളോളം വയ്ക്കുമായിരുന്നു. ഉറിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ആ വിഭവങ്ങള്‍ നല്‍കിയ രുചിയാണ് എന്നെ സംബന്ധിച്ചിടത്തോളം ‘നൊസ്റ്റാള്‍ജിക് രുചി’.

സ്വാഭാവികമായി പാചകം ചെയ്ത വിഭവങ്ങള്‍ നല്‍കിയ രുചിയെ പ്രകീര്‍ത്തിക്കുമ്പോള്‍ ലക്ഷ്മി നായര്‍ കൂടുതല്‍ വാചാലയായി. കോലിയക്കോടു തറവാട്ടില്‍ നിന്നു കൊണ്ടുവന്ന ഒരു വലിയ വാര്‍പ്പാണ് തന്‍റെ കേറ്ററിംഗ് സര്‍‌വീസിലെ ‘പ്രധാന താര’മെന്ന് പറയുമ്പോള്‍ ലക്ഷ്മി കുട്ടിക്കാലത്തെ ആവേശത്തിലേക്ക് മടങ്ങുകയായിരുന്നു.

അതിരിക്കട്ടെ, ലോ അക്കാഡമിയിലെ അധ്യാപിക. ഈ അടുത്തകാലത്ത് ഡോക്ടറേറ്റും ലഭിച്ചു. പാചകവും നിയമവുമായി കലഹമുണ്ടാക്കാറില്ലെ?

ഏയ്, ഇല്ല. ഞാന്‍ കോളജില്‍ വളരെ ഗൌരവ പ്രകൃതക്കാരിയാണ്. അതേ ഗൌരവം പാചകത്തിനോടു കാട്ടാനും എനിക്ക് കഴിയും.

കോലിയക്കോട് തറവാട്ടിലെ ജീവിതവും പിന്നെ മാവേലിക്കരയിലെ അമ്മമ്മയുടെ വീട്ടിലെ ജീവിതവുമായിരിക്കും തന്നെ പാചകത്തോട് അടുപ്പിച്ചതെന്ന് ലക്ഷ്മി നായര്‍ പറയുന്നു. അക്കാലത്ത് മുത്തശ്ശിമാര്‍ കാണിച്ചിരുന്ന ആഥിത്യ മര്യാദയും പോരാത്തതിന് കൂടുതല്‍ അംഗങ്ങള്‍ക്ക് വച്ചു വിളമ്പേണ്ടി വരുമ്പോള്‍ അടുക്കളയില്‍ സഹായിക്കാനായതും പാചകത്തെ കൂടെ കൊണ്ടു നടക്കാന്‍ സഹായിച്ചു എന്നും ലക്ഷ്മി പറയുന്നു.

എം‌എ, എല്‍‌എല്‍ എം ബിരുദധാരിയായ ഡോ.ലക്ഷ്മി നായര്‍ ‘മാജിക് ഓവന്‍ പാചകകല’, ‘മാജിക് ഓവന്‍ പാചക വിധി’ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.