മൃദുലവിഷയങ്ങളെ ആധാരമാക്കി എഴുതുന്ന പുതുതലമുറയില്‍ നിന്ന് വ്യത്യസ്തയാണ് ആര്യ ഗോപി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ കവിതയിലൂടെ സഹൃദയര്‍ക്ക് മുന്നിലെത്തി ക്കുന്ന ആര്യയ്ക്ക് സമൂഹത്തെ ക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടും ഉണ്ട്. ഓണം ആഘോഷമാക്കുന്ന മലയാളിയുടെ സംസ്ക്കാരത്തില്‍ നിന്ന് മാറി ഓണനാളുകളിലെ പിന്നാമ്പുറങ്ങളെക്കുറിച്ചാണ് ആര്യ ചിന്തിക്കുന്നത്.
കോടികള്‍ ചിലവഴിച്ച് നമ്മുടെ നാട്ടില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി. എല്ലാവര്‍ക്കും കഷ്‌ടപ്പാടാണ്. നമ്മള്‍ ഈ കഷ്‌ടതകള്‍ കാണണം. നമ്മള്‍ ഓണം ആഘോഷിച്ചോ എന്നല്ല, നമ്മുടെ അടുത്ത വീട്ടിലുള്ളവര്‍ ഓണം ആഘോഷിക്കുന്നുണ്ടോ എന്ന് അറിയാനുള്ള കടമ നമുക്കുണ്ട്. വിശന്നു വലയുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുമ്പോള്‍, അതല്ലേ ഓണം.
ഓണാഘോഷ ഫണ്ടുകള്‍ സര്‍ക്കാര്‍ ഒരുപാട് നീക്കിവച്ചിട്ടുണ്ടല്ലോ?
അതെ. ഇതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ മാധ്യമങ്ങളിലേക്ക് കത്തുകളെഴുതും. ഒരു 'poet' എന്ന നിലയിലല്ല. as a citizen എനിക്കതിനുള്ള അവകാശമുണ്ട്. ഒരിക്കല്‍ കോഴിക്കോട് നഗരത്തില്‍ കൂടി യാത്ര ചെയ്തപ്പോള്‍ റോഡരികില്‍ മൂത്രമൊഴിച്ചതിന് ഒരു ചെറിയ കുട്ടിയെ വനിതാ പൊലീസ് തല്ലുന്നത് കണ്ടു. കോഴിക്കോട് നഗരം എത്രമാത്രം മാലിന്യം നിറഞ്ഞതാണെന്ന് നമുക്കറിയാം. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ആ പൊലീസുകാരിയും ഒരമ്മ ആയിരിക്കില്ലേ, അവര്‍ക്കുമുണ്ടാവില്ലേ ചെറിയ കുട്ടികള്‍.
പിന്നെ ഓണാഘോഷം എന്നൊക്കെ പറഞ്ഞ് വര്‍ണ ബള്‍ബുകള്‍ തൂക്കിയാല്‍ നമുക്ക് സന്തോഷം വരുമോ? കുറേ ഫണ്ടുകള്‍ ചെലവഴിച്ചാല്‍ നമുക്ക് സന്തോഷം വരുമോ? നമുക്കൊക്കെ രോഗം വരുമ്പോള്‍ ചികിത്സിക്കാന്‍ കഴിയുന്നത് കൊണ്ട് നമ്മളിതൊന്നും അറിയുന്നില്ല, പക്ഷേ, എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. ആര്‍ഭാടമായി ഓണാഘോഷം നടത്തുന്നതിനോട് വിയോജിപ്പ് ആണ്. മറ്റുള്ളവരെ സഹായിച്ച് വേണം നാം ഓണം ആഘോഷിക്കാന്‍.
ആര്യയുടെ കവിതയില്‍ കൂടുതലായും കാണുന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളാണല്ലോ?
മുത്തങ്ങ വെടിവയ്‌പ് ഉണ്ടായ സമയം. അച്‌ഛനും, അമ്മയും, സൂര്യയും ഞാനും കൂടി അവിടെ പോയി. അവിടെ ജ്യോതി എന്നു പറയുന്ന ആളുടെ വീട് കണ്ടു. മണ്ണ് കൊണ്ടുണ്ടാക്കിയ വീടാണ്. അയാള്‍ക്ക് പ്രായമായ ഒരമ്മയുണ്ട്. ഭാര്യ മരിച്ചു പോയി. ഒരു മകള്‍ക്ക് ബുദ്ധിസ്ഥിരതയില്ല. ആ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി ഞങ്ങള്‍ അവിടെ നിന്നു. പക്ഷേ, അവരാരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. വീടിന്‍റെ പുറകിലേക്ക് അവര്‍ പോയി. അത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവര്‍ കാടിന്‍റെ മക്കളായി, കാടിന്‍റെ ഉള്ളിലേക്ക് പോകുകയായിരുന്നു.
പിന്നെ ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രകൃതി മൈതാനില്‍ എല്ലാ കൊല്ലവും നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഫെയറില്‍ ഡാന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോയി. സര്‍ക്കാര്‍ അതിഥിയായതുകൊണ്ട് കേരള ഹൌസിലായിരുന്നു താമസം. പ്രോഗ്രാം കഴിഞ്ഞ ഞങ്ങള്‍ താജ്‌മഹല്‍ കാണാന്‍ പോയി. അപ്പോള്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിന്‍റെ സമീപത്ത് ഒരു ചേരിയായിരുന്നു. തിരിച്ചു പോന്നപ്പോള്‍ മനസ്സില്‍ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുണി കൊണ്ട് മറച്ചിരിക്കുന്ന വീടുകള്‍, വസ്ത്രം ധരിക്കാനില്ലാത്ത കുട്ടികള്‍, അഴുക്കുചാലിന് അപ്പുറത്ത് മതില്‍. അതിലാണ് അവരുടെ ദൈവം. അതിന്‍റെ തൊട്ടപ്പുറത്ത് കുട്ടികള്‍ കളിക്കുകയാണ്. തിരിച്ചു വന്നാല്‍ ഇതിനെക്കുറിച്ച് കവിതയൊന്നും എഴുതിയെന്ന് വരില്ല. ഇതൊക്കെ മറ്റെന്തെങ്കിലുമായിട്ട് മനസ്സില്‍ കിടക്കും.
എഴുത്തുകാരനായ പിതാവില്‍ നിന്ന് എഴുത്തുകാരിയായ മകളിലേക്കുള്ള ദൂരം എങ്ങനെ നോക്കി കാണുന്നു?
ഫ്രീഡം. അച്‌ഛന്‍ എനിക്ക് തന്ന സ്വാതന്ത്ര്യം. അച്‌ഛന്‍ എനിക്ക് തരുന്ന ഫ്രീഡം എന്നെ ഞാനായി തന്നെ നിര്‍ത്താന്‍ കഴിയുന്നു. പക്ഷേ, അച്‌ഛന്‍റെ മുന്നിലെത്തുമ്പോള്‍ ഞാന്‍ വീണ്ടും കൊച്ചു കുട്ടിയാകും. അച്‌ഛന്‍ തരുന്ന ഫ്രീഡമാണ് ഞാനും അച്‌ഛനും തമ്മിലുള്ള അകലം. അകലെയായിരിക്കുമ്പോഴും, അടുത്തായിരിക്കുമ്പോഴും അത് അങ്ങനെ തന്നെയാണ്
ആര്യയ്ക്ക് പ്രിയപ്പെട്ട അഞ്ച് എഴുത്തുകാര്‍ ആരെല്ലാമാണ്?
ഇഷ്‌ടമുള്ള അഞ്ചു പേരെ പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇഷ്‌ടമുള്ളവര്‍ അഞ്ചു പേരില്‍ കൂടുതലുണ്ടാകും. നമ്മള്‍ ഇഷ്‌ടപ്പെടുന്നവരുടെ കൃതികളല്ലേ നമ്മള്‍ വായിക്കുക. സുഗതകുമാരി ടീച്ചറെയും, ഒ എന്‍ വി സാറിനെയും വളരെ ഇഷ്‌ടമാണ്. ചെറുതായിരിക്കുമ്പോള്‍ തന്നെ സുഗതകുമാരി ടീച്ചറെയും, ഒ എന്‍ വി സാറിനെയും വ്യക്തിപരമായി അറിയാമായിരുന്നു. കോഴിക്കോട് അവര്‍ എന്തെങ്കിലും പരിപാടികള്‍ക്കായി വരുമ്പോള്‍ അച്‌ഛനുമായുള്ള സൌഹൃദം ഉള്ളതു കൊണ്ട് വീട്ടില്‍ വരുമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ അവരെ അറിയാമായിരുന്നതു കൊണ്ട് കൂടിയായിരിക്കാം അവരോട് കൂടുതലായി ഒരിഷ്‌ടം.
എനിക്ക് തോന്നിയിട്ടുണ്ട് സാഹിത്യം നന്നായി മനസ്സിലാക്കി പഠിക്കണമെങ്കില്‍ ഡിഗ്രി പഠിക്കുന്നതിനേക്കാള്‍ നല്ലത് പിജി പഠിക്കുന്നതാണെന്ന്. കുറേക്കൂടി പരന്ന വായന നമുക്ക് ഇതില്‍ നിന്ന് ലഭ്യമാണ്. ടി എസ് എലിയട്ടിന്‍റെ ‘ദി വെയ്‌സ്റ്റ് ലാന്‍ഡ്’ വളരെ ഇഷ്‌ടപ്പെട്ട കവിതയാണ്. ഇന്ദിര ഗോസ്വാമിയെ വളരെ ഇഷ്‌ടമാണ്. അവരുടെ ആത്‌മകഥ ‘അപൂര്‍ണമായ ആത്മകഥ’ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വായിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളെ തരണം ചെയ്ത് വളര്‍ന്ന അവര്‍ ജെ എന്‍ യുവിലെ റീഡറായി. ആദ്യം അവരുടെ ആത്‌മകഥ വായിച്ചപ്പോള്‍ അതിലെ ഭാഷ ആയിരുന്നു എന്നെ ആകര്‍ഷിച്ചത്. വലുതാകുമ്പോള്‍ എനിക്കും ഇങ്ങനെയൊക്കെ എഴുതണം എന്ന് അന്ന് വിചാരിച്ചിരുന്നു. മുതിര്‍ന്നതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ ആ ആത്‌മകഥ വായിച്ചു. പക്ഷേ, അപ്പോള്‍ കുറേക്കൂടി റിയലിസ്റ്റിക്കായി അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.
പിന്നെ ചെറുപ്പം മുതലേ ‘അച്‌ഛനെ പോലെയാകണം’ എന്നായിരുന്നു എന്‍റെ ആഗ്രഹം. ചെറുപ്പത്തിലെ എന്നെയും, അനിയത്തി (സൂര്യ ഗോപി, യുവകഥാകാരി)യെയും അച്‌ഛന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൊണ്ടുപോകുമായിരുന്നു. നമ്മള്‍ പ്രോഗ്രാമിന് ചെല്ലുമ്പോള്‍ ബഹളമയമായ ഒരു സദസ്സിനെയായിരിക്കും കാണാന്‍ കഴിയുക. പക്ഷേ, അച്‌ഛന്‍ വേദിയില്‍ കയറി കവിത ചൊല്ലുമ്പോള്‍ സദസ്സ് ശാന്തമാകും. അന്ന് ഞാന്‍ വിചാരിച്ചിരുന്നു, അച്‌ഛനെ പോലെയാകണം എന്ന്. അച്‌ഛനാണ്, എന്‍റെ റോള്‍ മോഡല്‍. എന്‍റെ എല്ലാം.
യാതൊരുവിധ നിര്‍ബന്ധങ്ങളും അച്‌ഛനില്ല. എഴുത്തിലായാലും, പഠനത്തിലായാലും, ജീവിതത്തിലായാലും. എഴുതുന്ന ചില കവിതകള്‍ അച്‌ഛനെ കാണിക്കാന്‍ എനിക്ക് മനസു വരില്ല. അച്‌ഛനെ കാണിക്കാതെ തന്നെ ഞാനത് അയച്ചുകൊടുക്കും. പക്ഷേ, അച്‌ഛന് പരിഭവം ഉണ്ടാകാറില്ല. നല്ല സപ്പോര്‍ട്ടീവ് ആണ് അച്‌ഛന്‍. പ്ലസ് ടു സമയത്ത് എല്ലാ കൂട്ടുകാരും, എന്‍ട്രെന്‍സ് കോച്ചിംഗിന് പോകുമായിരുന്നു. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുമതി നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് കോച്ചിംഗ് മടുത്തപ്പോള്‍ ഞാന്‍ പരിപാടി നിര്‍ത്തി. പ്ലസ് ടു കഴിഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം എഞ്ചിനീയറിംഗിന്‍റെയും, മെഡിസിന്‍റെയും വഴിയേ പോയി. എനിക്ക് ലിറ്ററേച്ചര്‍ മതിയെന്ന് അച്‌ഛനോട് പറഞ്ഞു. അച്‌ഛന്‍ സമ്മതിച്ചു.
അഞ്ചു വര്‍ഷത്തെ കലാലയ ജീവിതം കഴിഞ്ഞല്ലോ? പിന്തിരിഞ്ഞു നോക്കുമ്പോള്‍ കലാലയ ജീവിതവും എഴുത്തും എങ്ങനെ കാണുന്നു?
വായിക്കുന്ന കഥകളിലൊക്കെ എനര്‍ജിയുള്ള ക്യാംപസ് ലൈഫ് ആയിരിക്കും. പക്ഷേ, കവിത ഒക്കെ തീവ്രതയോടെ വായിച്ചിരുന്നത് കഴിഞ്ഞു പോയ തലമുറയായിരുന്നു. കവിതകള്‍ ഒക്കെ അതിന്‍റെ തീവ്രത ഉള്‍ക്കൊണ്ട് വായിക്കുന്ന ഒന്നോ, രണ്ടോ കുട്ടികള്‍ മാത്രമേ എന്‍റെ ക്ലാസിലുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ടാമത്തെ ബുക്ക് ഡിസി ബുക്സ് ആയിരുന്നു പ്രസിദ്ധീകരിച്ചത്. ക്ലാസിലെല്ലാവര്‍ക്കും ഭയങ്കര സന്തോഷമായിരുന്നു. നോട്ടീസ് ബോര്‍ഡിലൊക്കെ വാര്‍ത്ത ഇട്ടു. പക്ഷേ, എന്‍റെ കൂട്ടുകാരില്‍ എത്ര പേര്‍ ഈ കവിത വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല.
കവിതയും, നാടകവും ഒക്കെ പഠിപ്പിക്കുമ്പോള്‍ നമ്മളെ ആ ലോകത്തേക്ക് കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയുന്ന അധ്യാപകരാവണം. രണ്ടോ, മൂന്നോ അധ്യപകര്‍ കാണും എക്‌സ്‌ട്രാ ഓര്‍ഡിനറി അധ്യാപകരായി. ബാക്കിയുള്ളവര്‍ ക്ലാസില്‍ വന്ന് എന്തെങ്കിലും പറഞ്ഞങ്ങ് പോകും. നരേന്ദ്രന്‍ എന്ന യുവാവ് ശ്രീരാമകൃഷ്‌ണ പരമഹംസരെപ്പറ്റി അറിയുന്നത് തന്‍റെ ഗുരുവില്‍ നിന്നാണ്. ആ ഗുരു നരേന്ദ്രനോട് പരമഹംസരെപ്പറ്റി പറഞ്ഞു കൊടുത്തതിനാലാണ് നമുക്കൊരു സ്വാമി വിവേകാനന്ദനെ ലഭിച്ചത്.
ഇന്നത്തെ യുവത്വത്തിന് സാമൂഹിക പ്രതിബദ്ധത കുറഞ്ഞു വരികയാണെന്ന് ആരോപണമുണ്ടല്ലോ?
ഇന്നത്തെ യുവത്വം ഒന്നും അറിയുന്നില്ല. ഒരു പിക്‌നിക് പോലെ എല്ലാം വളരെ ജോളിയാക്കി മടങ്ങുന്നവരാണ് പലരും. ആരെയും, തിരിച്ചറിയുന്നില്ല, തിരിച്ചറിയാന്‍ ആരും സഹായിക്കുന്നില്ല എന്നതാണ് വസ്‌തുത. നമ്മുടെ കണ്ണ് എപ്പോഴും തുറന്നിരിക്കണം. വീട്ടിലാണെങ്കില്‍ അച്‌ഛനും അമ്മയും, വിദ്യാലയങ്ങളിലാണെങ്കില്‍ അധ്യാപകര്‍ ഈ കണ്ണ് തുറക്കാന്‍ സഹായിക്കണം.
സ്വവര്‍ഗരതി ഡല്‍ഹി ഹൈക്കോടതി നിയമവിധേയമാക്കിയല്ലോ. ഇതു കൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?
ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യം സമൂഹത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല. ഇങ്ങനെയുള്ള ഒരുപാട് പേരുണ്ടെന്നും അവരെ ലക്‌ഷ്യമാക്കി കൊണ്ടാണ് നിയമമെന്നുമൊക്കെ വാദിക്കുന്നുണ്ട്. പക്ഷേ, എനിക്ക് ഫീല്‍ ചെയ്തിരിക്കുന്നത് ഇത് സമൂഹത്തില്‍ അരാജകമായ ഒരു അവസ്ഥ സൃഷ്‌ടിക്കുമെന്നാണ്.
ഇതുവരെ എഴുതിയിട്ടുള്ള കവിതകളില്‍ ഏറ്റവും പ്രിയപ്പെട്ടത്?
എല്ലാ കവിതകളും ഇഷ്‌ടമാണ്. ഏറ്റവും കൂടുതല്‍ വേദികളില്‍ ഞാന്‍ പാടിയിട്ടുള്ളത് ‘ലിപി’ എന്ന കവിതയാണ്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് മലയാളത്തെക്കുറിച്ച് എഴുതിയ കവിതയാണ്.
കലാലയ പ്രണയങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുകയണെന്ന് ആരോപണങ്ങളുണ്ടല്ലോ? ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ടോ?
ഇത് വ്യക്തിപരമായ കാര്യമാണ്. ഉള്‍ക്കാഴ്‌ചയും, കാഴ്‌ചപ്പാടുമുള്ള കുട്ടികള്‍ക്ക് പ്രണയത്തെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. ക്യാംപസുകളില്‍ പ്രണയങ്ങളുണ്ട്. പക്ഷേ, ജീവിതത്തെ സാരമായി കാണുന്നവര്‍ കുറഞ്ഞു വരികയാണ്. കുട്ടികള്‍ ലൈറ്റായി, ലൈറ്റായി വന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഇവരൊക്കെ നന്നായി പഠിക്കുന്നവരാണ്. ഏതു ക്യാംപസിലും, എക്‌സ്‌ട്രാ ഓര്‍ഡിനറി ആയിട്ടുള്ള കുറച്ച് കുട്ടികള്‍ ഉണ്ടാകും.
ആര്യയ്ക്ക് പ്രണയമുണ്ടോ?
ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം.
( കവി പി കെ ഗോപിയുടെയും, വീട്ടമ്മയായ കോമളയുടെയും മകളായ ആര്യ യുവകവയിത്രികളില്‍ ഇടമുറപ്പിച്ച പ്രതിഭയാണ്. കോഴിക്കോട് ദേവഗിരി കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. ബി എയ്ക്ക് സര്‍വകലാശാലയിലെ മൂന്നാം റാങ്ക് ജേതാവായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി-സോണ്‍, ഇന്‍റര്‍സോണ്‍ വേദികളിലെ സ്ഥിരം കവിതാസാന്നിധ്യമായിരുന്നു ആര്യ. ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ ആര്യയെ തേടിയെത്തിട്ടുണ്ട്. കക്കാട് അവാര്‍ഡ്, കുമാരന്‍ മാഷ് അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, മാധ്യമം-വെളിച്ചം അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.)