200 മീറ്ററിലും ബോള്‍ട്ട് രാജാവ്

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (10:20 IST)
PROPRO
വേഗതയുടെ രാജാവ് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് തന്നെ. ബീജിംഗ് ഒളിമ്പിക്‍സില്‍ ലോകറെക്കോഡോടെ രണ്ടാം സ്വര്‍ണ്ണവും കരസ്ഥമാക്കിയ ബോള്‍ട്ട് ഗംഭീര പ്രകടനം ആവര്‍ത്തിച്ചു. നേരത്തേ നടന്ന 100 മീറ്ററില്‍ റെക്കോഡ് സ്വര്‍ണ്ണം കുറിച്ച ബോള്‍ട്ട് 200 മീറ്ററിലാണ് ബുധനാഴ്ച രണ്ടാം ലോകറെക്കോഡും രണ്ടാം സ്വര്‍ണ്ണവും നേടിയത്.

ബുധനാഴ്ചത്തെ മത്സരത്തില്‍ 19.30 സെക്കന്‍ഡില്‍ നിശ്ചിത ദൂരം കടന്നാണ് ബോള്‍ട്ട് രണ്ടാം സ്വര്‍ണ്ണം കുറിച്ചത്. 1996 അറ്റ്‌ലാന്‍റാ ഒളിമ്പിക്‍സില്‍ അമേരിക്കന്‍ താരം മൈക്കല്‍ ജോണ്‍സണ്‍ കുറിച്ച 19.32 സെക്കന്‍ഡിന്‍റെ റെക്കോഡാണ് ഉസൈന്‍ ബോള്‍ട്ടിനു മുന്നില്‍ വഴിമാറിയത്. ഒരു ഒളിമ്പിക്‍സിലെ ഡബിള്‍ എന്ന നേട്ടത്തിലേക്ക് ബോള്‍ട്ട് ഉയര്‍ന്നു.

സ്വന്തം ജന്‍‌മദിനത്തില്‍ പുതിയ റെക്കോഡ് കണ്ടെത്താനായത് ബോള്‍ട്ടിനു ഇരട്ടി മധുരമായി. 100 മീറ്ററില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചതിന്‍റെ നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 200 ലും താരം റെക്കോഡ് തിരുത്തിയത് സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു. ഓഗസ്റ്റ് 21 ന് ബോള്‍ട്ടിനു 22 വയസ്സ് തികഞ്ഞു.

സ്വര്‍ണ്ണം നിലനിര്‍ത്താനിറങ്ങിയ അമേരിക്കന്‍ താരം ഷോണ്‍ ക്രാഫോര്‍ഡ് വെള്ളി മെഡല്‍ കണ്ടെത്തിയപ്പോള്‍ നാട്ടുകാരന്‍ വാള്‍ട്ടര്‍ ഡിക്‍സ് വെങ്കല മെഡലിനു അരനായി. രണ്ടാം സ്ഥാനത്തെത്തിയ ഡച്ച് താരം ചുരണ്ടി മാര്‍ട്ടീനസിന്‍റെ പിഴവ് ചൂണ്ടിക്കാട്ടി അമേരിക്കന്‍ ടീം പ്രതിക്ഷേധിച്ചതോടെയാണ് വെള്ളി മെഡല്‍ ക്രാഫോര്‍ഡിനു ലഭിച്ചത്.

ഒളിമ്പിക്‍സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം കണ്ടെത്തുന്ന ഒമ്പതാമത്തെ താരമാണ് ഉസൈന്‍ ബോള്‍ട്ട്. എന്നാല്‍ 1984 ല്‍ അമേരിക്കന്‍ താരം കാള്‍ ലൂയിസ് ഈ നേട്ടം കണ്ടെത്തിയതിനു ശേഷം ആരും തന്നെ സ്പ്രിന്‍റ് ഡബിള്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് ഉയര്‍ന്നിട്ടില്ലായിരുന്നു.