സ്പീഡൊ ഇട്ടോളൂ: നൈക്കി അയഞ്ഞു

Webdunia
വ്യാഴം, 31 ജൂലൈ 2008 (17:02 IST)
PROPRO
സ്പോണ്‍സര്‍ഷിപ്പിനപ്പുറം അല്പം വിശാലചിന്ത കാട്ടിയിരിക്കുകയാണ് ലോക പ്രശസ്ത സ്പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നൈക്കി. പരസ്യത്തിലല്ലാ പ്രകടനത്തിലാണ് കാര്യമെന്ന് നൈക്കി ഒടുവില്‍ സമ്മതിച്ചു.

അവരുമായി കരാറില്‍ എത്തിയിരിക്കുന്ന നീന്തല്‍ താരങ്ങള്‍ ബീജിംഗ് ഒളിമ്പിക്സില്‍ നൈക്കിയുടെ സ്യൂട്ട് വിട്ട് സ്പീഡോ എല്‍ ഇസഡ് ആര്‍ റേസര്‍ ധരിക്കാന്‍ ഒടിവില്‍ സമ്മതിച്ചിരിക്കുകയാണ് നൈക്കി.

പരസ്യത്തിനപ്പുറം താരങ്ങളുടെ പ്രകടനത്തിനു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് നൈക്കിയെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. നീന്തലില്‍ തടസ്സങ്ങള്‍ ഒഴിവാക്കി വേഗത കൈവരിക്കുന്ന തരത്തിലുള്ള സ്വിം സ്യൂട്ട് സ്പീഡോ റേസര്‍ ഉപയോഗിക്കാന്‍ നൈക്കി താരങ്ങളെ സമ്മതിച്ചത് ഈ മാനസികാവസ്ഥയിലാണ്.

നാളുകളായി പരിശീലനവും കാത്തിരിപ്പും നടത്തി എത്തുന്ന താരങ്ങളുടെ പ്രകടനവും ശ്രദ്ധയുമാണ് പ്രധാനം. വിജയങ്ങള്‍ കായിക താരങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷമാണെന്ന് നൈക്കി തിരിച്ചറിയുന്നു.

ജൂണില്‍ നടന്ന യുഎസ് ട്രയല്‍‌സിലും സ്പീഡോ ധരിക്കാന്‍ നൈക്കി സ്വന്തം താരങ്ങളെ സമ്മതിച്ചിരുന്നു. ഒളിമ്പിക്സിനെ മുന്‍നിര്‍ത്തി സ്പോണ്‍സര്‍മാര്‍ അത്‌ലറ്റുകളുടെ കരാറുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമ്പോഴാണ് നൈക്കി താരങ്ങളെ വെറുതെ വിടുന്നത്. ലോക പ്രശസ്തരായ നാല് നീന്തല്‍ താരങ്ങളുമായാണ് നൈക്കിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഒളിമ്പിക്‍സില്‍ പുതിയതായി എത്തുന്ന സ്പീഡൊ നീന്തലില്‍ ഒരു മാറ്റത്തിനു തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ ഇത് അവതരിപ്പിച്ചതു മുതല്‍ നീന്തല്‍ താരങ്ങള്‍ 12 ല്‍ അധികം റെക്കോഡുകളാണ് തീര്‍ത്തത്. സ്പീഡോ ഗംഭീരമായി ഫലം കണ്ടിട്ടും ഈ സ്യൂട്ട് ധരിക്കാന്‍ സ്പോണ്‍സര്‍മാര്‍ താരങ്ങളെ സമ്മതിക്കാതെ വരിക ആയിരുന്നു. സ്പീഡൊയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും പുറത്തു വന്നിരുന്നു.

ഉത്തേജകമരുന്നിനെതിരെ കര്‍ശന നിയമം കൊണ്ടു വന്നിരിക്കുന്ന ഐ ഓ സി സാങ്കേതിക ഉത്തേജകത്തില്‍ സ്പീഡോയെ പെടുത്തണമെന്ന് ഒരു ഇറ്റാലിയന്‍ പരിശീലകന്‍ ആരോപിച്ചിരുന്നു. മുന്‍ നിര താരങ്ങളെ സ്പോണ്‍സര്‍മാരുമായി അകറ്റി നിര്‍ത്തുന്നതിനായി അമേരിക്കന്‍ നീന്തല്‍ ഫെഡറേഷനും കമ്പനിയും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് കാണിച്ച് ടയര്‍ സ്പോര്‍ട്‌സ് ഇന്‍ കോര്‍പറേറ്റ്‌സ് സ്പീഡോയ്ക്കെതിരെ നിയമ നടപടിയും നടത്തി.

ബ്രിട്ടീഷ് കമ്പനിയായ സ്പീഡോ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന പേരിലാണ് ഇതിനെയെല്ലാം കരുതുന്നത്. അതേ സമയം നീന്തല്‍ താരങ്ങളില്‍ സ്പീഡൊയ്‌ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. സ്പീഡോ റേസര്‍ അണിഞ്ഞു നീന്തുമ്പോള്‍ ഒരു റോക്കറ്റിനെ പോലെയാണ് തോന്നുന്നതെന്ന് അമേരിക്കന്‍ നീന്തല്‍ താരം ഫെല്പ്‌സ് തന്നെ പറയുന്നു.