ഷറപോവയുടെ ഒളിമ്പിക്‍സ് തുലാസില്‍

Webdunia
വ്യാഴം, 31 ജൂലൈ 2008 (15:37 IST)
PROPRO
മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയാ ഷറപോവയുടെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ തുലാസില്‍. തോളെല്ലിനേറ്റ പരുക്കാണ് റഷ്യന്‍ ടീമില്‍ ഷറപോവയ്ക്ക് ഭീഷണിയാകുന്നത്. ടൊറന്‍റോയില്‍ നടക്കുന്ന റോജേഴ്‌സ് കപ്പ് ഓപ്പണില്‍ രണ്ടാം റൌണ്ട് വിജയത്തിനു ശേഷം താരം ടൂര്‍ണമെന്‍റില്‍ നിന്നും ഇപ്പോള്‍ തന്നെ പിന്‍‌മാറിയിരിക്കുക ആണ്.

ഒളിമ്പിക്‍സില്‍ താരത്തിന്‍റെ സാന്നിദ്ധ്യത്തിനും ഇത് കത്തി വയ്ക്കുന്നു. പോളണ്ട് താരം മാര്‍ത്താ ഡൊമാഷോവ്‌സ്ക്കയെ 7-5, 5-7, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയ ശേഷമായിരുന്നു ഷറപോവയുടെ പിന്‍‌മാറ്റം. പരുക്കിനെ വക വയ്‌ക്കാതെ കളിച്ച ഷറപോവ മത്സരത്തില്‍ വരുത്തിയത് 17 ഡബിള്‍ ഫോള്‍ട്ടുകള്‍ ആയിരുന്നു.

പരിക്കിനെ സംബന്ധിച്ച കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറായിരിക്കുന്ന ഷറപോവ പരിശോധനയ്‌ക്ക് ശേഷമേ ഒളിമ്പിക്‍സ് യു എസ് ഓപ്പണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളെന്നും വ്യക്തമാക്കുന്നു. രണ്ട് മത്സരങ്ങളും ഓഗസ്റ്റ് മാസം തന്നെയാണ് നടക്കുക. വിശ്രമിക്കാനാണ് താരത്തോട് ഡോക്ടര്‍മാരും പറഞ്ഞിരിക്കുന്നത്.