വേഗതയുടെ പെണ്‍‌പെരുമയും ജമൈക്കയ്ക്ക്

Webdunia
ഒളിമ്പിക്സില്‍ വേഗതയുടെ മത്സരങ്ങളില്‍ ജമൈക്കന്‍ താരങ്ങള്‍ വിജയക്കുതിപ്പ് തുടരുന്നു. ഉസൈന്‍ ബോള്‍ട്ടിന് പിന്നാലെ ജമൈക്കന്‍ വനിതകളും നൂറു മീറ്ററില്‍ സ്വര്‍ണ്ണവും രണ്ട് വെള്ളിയും സ്വന്തമാക്കി.

പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ലോക റിക്കോഡോടെ സ്വര്‍ണ്ണം നേടിയ ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററില്‍ ഏറ്റവും വേഗമേറിയ താരമായി ഫൈനലിലേക്ക് യോഗ്യത നേടി.

വനിതകളിലെ ഏറ്റവും വേഗമേറിയ താരത്തെ കണ്ടെത്താനുള്ള മത്സരത്തില്‍ 10.78 സെക്കന്‍ഡ് കൊണ്ടാണ് ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫ്രേസറിന് തൊട്ടു പിന്നിലായി 10.98 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കി ജമൈക്കന്‍ താരങ്ങളായ ഷാറോണ്‍ സിംപ്സണും കെയ്‌റോണ്‍ സ്റ്റുവേര്‍ട്ടും വെള്ളി മെഡലുകള്‍ നേടി.

അമേരിക്കയുടെ സുവര്‍ണ്ണ പ്രതീക്ഷയായിരുന്ന ടോറി എഡ്വേര്‍ഡ്സിന് അവസാന സ്ഥാനത്ത് മാത്രമാണ് എത്താനായത്. എന്നാല്‍ 11.03 സെക്കന്‍ഡ് കൊണ്ട് മൂന്നാമതായി ഫിനിഷ് ചെയ്ത ലോറെല്‍ വില്യംസ് അമേരിക്കയുടെ അഭിമാനം കാത്തു.

പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലിലും സ്ഥാനം ഉറപ്പിച്ച് ഉസൈന്‍ ബോള്‍ട്ട് ഡബിള്‍ സ്വന്തമാക്കാനുള്ള അവസരമാണ് നേടിയിരിക്കുന്നത്. ഇതിലും സ്വര്‍ണം നേടാനായാല്‍ 1984 കാള്‍ ലൂയിസി കൈവരിച്ച നേട്ടത്തിനൊപ്പം ബോള്‍ട്ട് എത്തിച്ചേരും.