യാംഗ് വിയ്ക്ക് ഒടുവില്‍ സ്വര്‍ണ്ണം

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (13:59 IST)
നീണ്ട കാത്തിരിപ്പിനു ശേഷം ചൈനീസ് താരം യാംഗ് വി യ്ക്ക് ഒളിമ്പിക് സ്വര്‍ണ്ണം കരഗതമായി. 200 സിഡ്നി ഒളിമ്പിക്‍സ് മുതല്‍ ജിംനാസ്റ്റിക്സില്‍ മത്സരിക്കുന്ന താരം രണ്ട് തവണ ലോകചാമ്പ്യനായിട്ടും ലഭിക്കാഞ്ഞ ഏക കിരീടം ഒളിമ്പിക്സ് ആയിരുന്നു. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗ്യം യാംഗിനെ തേടിയെത്തുക ആയിരുന്നു.

രണ്ട് തവണ ലോക ചാമ്പ്യനായിരുന്ന യാംഗ് 94.575 പോയിന്‍റുകള്‍ കരസ്ഥമാക്കിയാണ് ഒളിമ്പിക് സ്വര്‍ണ്ണത്തിലേക്ക് ഉയര്‍ന്നത്. ഇതോടെ പുരുഷ ഇനങ്ങളിലെ മിക്കവാറും സ്വര്‍ണ്ണം ചൈന കരസ്ഥമാക്കി. ജാപ്പനീസ് താരം കോഹി ഉച്ചുമുറയേയും ഫ്രഞ്ച് താരം ബെനോയിറ്റ് കരണോബയേയും ആയിരുന്നു യാംഗ് വി പരാജയപ്പെടുത്തിയത്.

ഇരുവരും യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 2000 സിഡ്നിയില്‍ യാംഗ് വി അലെക്‍സി നെമോവിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2003 ലോക ചാമ്പ്യന്‍ഷിപ്പില്‍ പോള്‍ ഹാമും യാംഗ് വിയെ പരാജയപ്പെടുത്തി സ്വര്‍ണ്ണം കണ്ടു. എന്നാല്‍ ഇത്തവണ യാംഗ് വി സ്വര്‍ണ്ണം നേടുന്ന കാര്യം ഉറപ്പായിരുന്നു.