ജമൈക്ക കുതിപ്പ് തുടരുന്നു

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (18:55 IST)
PROPRO
അത്‌ലറ്റിക്‍സ് തുടങ്ങിയതോടെ ജമൈക്ക കുതിപ്പ് തുടങ്ങി. സൂപ്പര്‍ താരങ്ങളുമായെത്തിയ ജമൈക്ക് അഞ്ച് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി നില്‍ക്കുകയാണ്.

ഉസൈന്‍ ബോള്‍ട്ടിനു പിന്നാലെ വ്യാഴാഴ്ചയും ജമൈക്ക മെഡല്‍ കൊയ്ത്ത് നടത്തി. വനിതകളുടെ 200 മീറ്ററിലും സ്വര്‍ണ്ണവും വെങ്കലവും ജമൈക്കയ്‌ക്ക് തന്നെ. വെറോണിക്ക ബ്രൌണ്‍ കാംബെല്‍ ആണ് സ്വര്‍ണ്ണം നേടിയത്.

അമേരിക്കയുടെ ഫെലിക്‍സ് അലീസണെ പിന്നിലാക്കിയ മികച്ച പ്രകടനത്തിന്‍റെ പിന്‍‌ബലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ വെറോണിക്ക 200 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 21.74 സെക്കന്‍ഡുകളാണ്.

രണ്ടാം സ്ഥാനക്കാരിയായ അമേരിക്കന്‍ താരം ഏതന്‍സ് 2004 ലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ്. 200 മീറ്ററില്‍ ഇരട്ട സന്തോഷം തന്നെ ജമൈക്കയ്‌ക്ക് ലഭിച്ചു. വെറോണിക്കയുടെ നാട്ടുകാരി സ്റ്റിവര്‍ട്ട് കെരണാണ് വെങ്കലം.

അമേരിക്കന്‍ താരം അലിസണ്‍ ഫെലിക്‍സ് 21.93 സെക്കന്‍ഡുകള്‍ എടുത്തപ്പോള്‍ ജമൈക്കയുടെ കെരണ്‍ സ്റ്റിവര്‍ട്ട് 22.00 സെക്കന്‍ഡുകളിലാണ് വെങ്കല മെഡലിലേക്ക് ഉയര്‍ന്നത്.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍‌സിലും മികച്ച പ്രകടനം നടത്താന്‍ ജമൈക്കയ്ക്ക് കഴിഞ്ഞു. മലൈന്‍ വാക്കറായിരുന്നു ഈ വിഭാഗത്തില്‍ രാജ്യത്തിന്‍റെ പേരില്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.

വെള്ളിമെഡല്‍ നേടിയ അമേരിക്കയുടെ ഷീനാ ടോസ്റ്റയേയും വെങ്കല നേട്ടക്കാരി ബ്രിട്ടന്‍റെ താഷാ ഡെന്‍‌വറെയും വാക്കര്‍ പിന്നിലാക്കി. 52.62 സെക്കന്‍ഡായിരുന്നു വാക്കറുടെ സമയം.