ചിക്കനും ബീഫുമൊക്കെ ഉണ്ടെങ്കിലും ക്രിസ്‌മസിന് ഒഴിവാക്കാനാകാത്ത വിഭവമാണ് പോര്‍ക്ക്. രുചിയുടെ കാര്യത്തില്‍ ഇവനെ വെല്ലാന്‍ മറ്റ് മാംസാഹരങ്ങള്‍ക്ക് സാധിക്കില്ല. ഉലര്‍ത്തിയതും പെരളനായും ഗ്രേവിയായിട്ടും പോര്‍ക്ക് തയ്യാറാക്കാറുണ്ട്.
പോര്‍ക്ക് ഉലര്‍ത്തുമ്പോള്‍ തനതായ രുചി ലഭിക്കുന്നില്ലെന്ന പരാതി വീട്ടമ്മമാര്‍ക്കുണ്ട്. എന്നാല്‍, ചേരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സ്വാദിഷ്‌ടമായ പോര്‍ക്ക് ഉലര്‍ത്തിയത് തയ്യാറാക്കാവുന്നതാണ്.
ചേരുവകള്‍:
പോര്‍ക്ക് - രണ്ട് കിലോ
വെള്ളം - ഒരു കപ്പ്
ഇഞ്ചി ചതച്ചത് - 2 ടീസ്പൂണ്‍
സവാള - 5 എണ്ണം
വെളുത്തുള്ളി - ഒന്ന് മുഴുവനും
കടുക് - അര സ്‌പൂള്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
കശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
ഗരംമസാല (മീറ്റ് മസാല ആയാലും മതി) - 2 ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - 5 എണ്ണം
തക്കാളി - ഒന്ന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചെറിയ ക്ഷണങ്ങളാക്കിയ പോര്‍ക്ക് കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 10 - 20 മിനിട്ട് വരെ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കണം. കുക്കറില്‍ നിന്നും വെള്ളം ഒഴിവാക്കണം.
വലിയ പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച ശേഷം കടുക്ക് ഇടുക. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. അതിനുശേഷം സവാള, കറിവേപ്പില എന്നിവകൂടി ചേര്‍ത്ത് നന്നായി വഴറ്റുക.
ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. പിന്നീട് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റിയതിനുശേഷം കുരുമുളകുപൊടി ചേര്‍ത്ത് ഇളക്കി അടച്ചുവെയ്ക്കുക. മൂന്ന് മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം.