സൗദിയില്‍ ഇന്ത്യന്‍ നേഴ്‌സുമാര്‍ക്ക് വ്യാപകമായ പിരിച്ചുവിടല്‍ ഭീഷണി

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (20:02 IST)
PRO
PRO
ഇന്ത്യന്‍ നേഴ്‌സുമാര്‍ക്ക് സൗദി ആരോഗ്യ വകുപ്പില്‍ വ്യാപകമായ പിരിച്ചുവിടല്‍ ഭീഷണി. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പിരിച്ചു വിടല്‍ നടപടികള്‍ തുടങ്ങിയതെന്നും ഇതിനകം നൂറ്റി അമ്പതോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും അനുഭവസ്ഥര്‍ പറഞ്ഞു.

എന്നാല്‍, ചിലരെ ആനുകൂല്യം കുറവുള്ള മറ്റു ചില തസ്തികകളില്‍ നിയമിക്കുകയുണ്ടായി. പലരും നാട്ടിലേക്ക് ഇതിനകം തിരിച്ചെത്തി. ബാക്കിയുള്ളവര്‍ എപ്പോള്‍വേണമെങ്കിലും നടപടിക്ക് വിധേയരാകാം എന്നസ്ഥിതിയിലാണ്.

നഴ്‌സിങ് ഡിപ്ലോമ മാത്രം ഉള്ളവരെയാണ് പിരിച്ചു വിടുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. എങ്കിലും തദ്ദേശവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നും വിലയിരുത്തല്‍ ഉണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് ഇപ്പോഴും ആരോഗ്യ വകുപ്പിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുമുണ്ട്.

പിരിച്ചു വിട്ടതായുള്ള നോട്ടീസ് പെട്ടന്നാണ് നല്‍കുന്നതെന്നും ഇത് മൂലം കുടുംബങ്ങളായി സൗദിയില്‍ കഴിയുന്ന നഴ്‌സുമാര്‍ക്ക് മക്കളുടെ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുകയാണെന്നും നഴ്‌സുമാര്‍ പറഞ്ഞു. സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെയെങ്കിലും തങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നഴ്‌സുമാര്‍.