പ്രവാസി നിയമ സഹായ ബില്ലിന് അംഗീകാരം

Webdunia
വെള്ളി, 1 നവം‌ബര്‍ 2013 (19:01 IST)
PRO
PRO
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിന് ഭരണപരമായ അംഗീകാരം നല്‍കി ഉത്തരവായി.

ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് തടവില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിനും ഗള്‍ഫ് നാടുകളില്‍ കുടങ്ങിക്കിടക്കുന്ന സ്ത്രീകളെ അംഗീകൃത സംഘടനകളുടെയും അംഗീകൃത മലയാളി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെയും സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സംഘടിപ്പിക്കും.

പ്രവാസി മലയാളികളുടെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും അവര്‍ക്ക് നിയമോപദേശം നല്‍കുന്നതിനും അവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നത്. കോടതി ഉത്തരവ് പ്രകാരമുള്ള സാമ്പത്തിക ബാധ്യതകളോ ചോരപ്പണമോ(Blood Money) ഇതിലുള്‍പ്പെടുകയില്ല.

സഹായം ആവശ്യമായ പ്രവാസികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. തൊഴില്‍ തേടി ഗള്‍ഫ് നാടുകളിലെത്തിയവര്‍ക്ക് മാത്രമാണ് സഹായത്തിനര്‍ഹത. മുന്‍പ് ഏതെങ്കിലും കുറ്റത്തിന് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരെയും സഹായത്തിന് പരിഗണിക്കില്ല. വിശദാംശങ്ങള്‍ക്ക് പി.ആര്‍.ഡി. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.prd.kerala.gov.in)