വിദേശ ഇന്ത്യക്കാര്‍ക്കു കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുകയെന്നത് സംസ്ഥാനത്തിന്റെ ആവശ്യമായി പ്രധാനമന്ത്രിക്കു മുന്നാകെ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്ത് ആധാര്‍ പദ്ധതി പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ അതിവേഗത്തില്‍ സുതാര്യമായും നിഷ്പക്ഷമായും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇ.ഡിസ്ട്രിക്ട് പദ്ധതി സംസ്ഥാനമാകെ യാഥാര്‍ത്ഥ്യമായി. പദ്ധതി സംസ്ഥാനമാകെ നടപ്പാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇ ഡിസ്ട്രിക്ട് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അക്ഷയ മുഖേന കൈവരിച്ച മികച്ച അടിത്തറ ഇ.ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ് ഇ.സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നിര്‍വഹിച്ചു. മേയര്‍ അഡ്വ.കെ ചന്ദ്രിക, കെ മുരളീധരന്‍ എംഎല്‍എ, വാര്‍ഡ് കൌണ്‍സിലര്‍ പാളയം രാജന്‍,വ്യവസായപ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍, ജില്ലാ കളക്ടര്‍ കെഎന്‍സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റവന്യൂ വകുപ്പിന്റെ 23 സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, തുടങ്ങിയവയുടെ സേവനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്. മറ്റു വകുപ്പുകളുടെ സേവനങ്ങളും ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ലഭ്യമാകും. ഇതുവഴി എല്ലാ രേഖകളും പരസ്പരം കാണാനും പരിശോധിക്കാനുമുള്ള സൌകര്യം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭ്യമാകും.
അപേക്ഷ സമര്‍പ്പിക്കുമ്പോഴും തുടര്‍ന്നുള്ള ഘട്ടങ്ങളിലും എസ്എംഎസ് സന്ദേശങ്ങള്‍ അപേക്ഷകന് ലഭിച്ചുകൊണ്ടിരിക്കും. സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ ഒപ്പോടുകൂടി അംഗീകരിക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് നമ്പറും പ്രിന്റ് ചെയ്യുന്നതിനുള്ള രഹസ്യകോഡും എസ്എംഎസ് വഴി അപേക്ഷകന് ലഭിക്കും. ഇതുപയോഗിച്ച് എത്രതവണ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എടുക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഏതുസമയത്തും ഓണ്‍ലൈനില്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് നല്‍കുന്ന രീതിക്കു പകരം അവയുടെ നമ്പര്‍ നല്‍കിയാല്‍ മതിയാകും. ഒരു തവണ അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് എതുസമയത്തും ഇന്റര്‍നെറ്റ് സൌകര്യമുള്ള ഏതു കമ്പ്യൂട്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുന്നതിനുള്ള സൌകര്യവുമുണ്ട്.
ഇ.ഡിസ്ട്രിക്ട് പദ്ധതിയുടെ കുറ്റമറ്റ നടത്തിപ്പിനായി വിപുലമായ സാങ്കേതിക സൌകര്യങ്ങളും അനുബന്ധ സേവനങ്ങളുമാണ് ഐ.ടിമിഷന്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വില്ലേജോഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് അതത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യത്തോടെയുള്ള ലാപ്ടോപ്പുകള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി വിവിധ റവന്യൂ ഓഫീസുകല്‍ തമ്മില്‍ രേഖകള്‍ ഓണ്‍ലൈനായി ഒത്തുനോക്കുന്നതിനും തീരുമാനമെടുക്കുന്നതിനും ഇ ഡിസ്ട്രിക്ട് പദ്ധതിയില്‍ സംവിധാനമുണ്ട്. സംസ്ഥാനത്ത് എവിടെ നിന്നും അപേക്ഷകന് അക്ഷയകേന്ദ്രം വഴി അപേക്ഷ എതു സമയത്തും ഏതു ഓഫീസിലേക്കും സമര്‍പ്പിക്കാം.