പി എന്‍ സി മേനോന് അവാര്‍ഡ് സമ്മാനിച്ചു

Webdunia
പ്രശസ്തനായ മലയാളി വ്യവസായി പി.എന്‍.സി മേനോന്‍ ഉള്‍പ്പെടെ 13 പേര്‍ക്കു പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് അവാര്‍ഡ് വിതരണം നടത്തിയത്

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ശോഭ ഡെവലെപ്പേഴ്സിന്‍റെ തലവനാണ് മേനോന്‍.അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായ ഇദ്ദേഹം വടക്കാഞ്ചേരി മൂലങ്കോട്‌ സ്വദേശിയാണ്.

ഇരുപത്തിനാലാം വയസില്‍ ഒമാനിലെത്തിയ മേനോന്‍ അവിടെ ഒരു കമ്പനി സ്ഥാപിച്ചു. 27 വര്‍ഷം കമ്പനി പ്രവര്‍ത്തനങ്ങളില്‍ മുഴുകി വിദേശത്ത് കഴിഞ്ഞു. പിന്നീട്, നാട്ടിലെത്തി ശോഭാ ഡെവലെപ്പേഴ്സ് തുടങ്ങി‌.

കഴിഞ്ഞ വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമൂടുതല്‍ തുക സംഭാവന നല്‍കിയ രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഒന്നാണു ശോഭ ഡെവലപ്പേഴ്സ്‌.

മേനോന്‍ സ്ഥാപിച്ച ശ്രീ കുറുമ്പ ട്രസ്റ്റ്‌ നിര്‍ധനരായ നൂറുകണക്കിനു യുവതികള്‍ക്കു മംഗല്യഭാഗ്യം നേടിക്കൊടുത്തു. ശോഭ ഹെര്‍മിറ്റേജ്‌, ശോഭ ഹെല്‍ത്ത്‌ കെയര്‍ എന്നിവയെല്ലാം മേനോന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്.