ഗള്‍ഫ് വ്യവസായിയുടെ കൊല ആസൂത്രിതം; പണം കവര്‍ന്നു

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (15:13 IST)
PRO
PRO
മസ്ക്കറ്റില്‍ മലയാളി വ്യവസായിയെ കൊല ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. മലപ്പുറം തിരൂര്‍ ചമ്രവട്ടം വെളുത്തോടത്തു വളപ്പില്‍ വാസു എന്ന വി വി വാസുദേവന്റെ കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആസൂത്രിതമായാണ് കൊല നടത്തിയതെന്നാണ് സൂചന.

അല്‍ഹെയ്ല്‍ പെയിന്റും കെട്ടിട സാമഗ്രികളും വില്‍ക്കുന്ന കടകള്‍ നടത്തിവരികയായിരുന്നു വാസു. കടകള്‍ക്ക് പിന്നിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു. വാസുവിന്റെ കൊലയെക്കുറിച്ച് റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വാസുവിന്റെ പക്കല്‍ ഉണ്ടായിരുന്ന 2500 റിയാല്‍ ഉള്‍പ്പെടെയുള്ള തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. വാസുവിന്റെ കൈയില്‍ വേറെയും പണം ഉണ്ടായിരുന്നിരിക്കാം എന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കൊലപാതകത്തെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിക്കുന്നത് വരെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.