സര്‍വാഭീഷ്‌ടസിദ്ധിക്ക് നവരാത്രിപൂജ

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (21:56 IST)
യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.
 
ശരത് നവരാത്രി
 
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബര്‍‌-ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.
 
വസന്ത നവരാത്രി
 
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാര്‍ച്ച്-ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.
 
അശാത നവരാത്രി
 
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. 
 
നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില്‍ മറ്റു പ്രാധാന്യമുള്ളവയായി പറയുന്നത്‌ അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്‌. അത്ഭുതകരമായ സര്‍വസമ്പല്‍സമൃദ്ധി നല്‍കുന്ന കര്‍മമാണ്‌ അഷ്‌ടലക്ഷ്‌മീബലി. മഹാലക്ഷ്‌മിയും മറ്റ്‌ അഷ്‌ടലക്ഷ്‌മീമാരും സമഗ്രമായി ഉപാസിക്കപ്പെടുന്ന ഈ ചടങ്ങ്‌ നടക്കുന്നതെവിടെയോ അവിടെ പന്ത്രണ്ടുവര്‍ഷത്തേക്ക്‌ യാതൊരുവിധത്തിലുള്ള ദാരിദ്ര്യകലകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
 
സര്‍വകാര്യങ്ങളിലും വിജയം സാധകന്‌ നേടിത്തരുന്ന കര്‍മമാണ്‌ ജയദുര്‍ഗാപൂജ. ജയിക്കുന്നതിന്‌ ദുഷ്‌കരമായ സാഹചര്യത്തില്‍പോലും വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ്‌ ഇത്‌. സകലവിധ കലകളുടെയും അധിദേവതയാണ്‌ മാതംഗി. രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്‌തി കലാരംഗത്ത്‌ അതിപ്രശസ്‌തിയും ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത്‌ ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട കര്‍മമാണ്‌ രാജമാതംഗീപൂജ.
 
വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക്‌ ആ തടസങ്ങള്‍ എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്‌തി നല്‍കുന്ന മഹാകര്‍മമാണ്‌ മംഗളാഗൗരീപൂജ. വാഗ്‌വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു വ്യവഹാരങ്ങള്‍ ഇവയില്‍ ജയം നേടിത്തരുന്നതാണ്‌ ഹംസവാഗീശ്വരീപൂജ. ഇങ്ങനെ നിത്യജീവിതത്തിലെ സാമാന്യകാര്യങ്ങളിലും നമുക്ക്‌ ഉദ്ദേശ്യസാധ്യത്തിനായി അനുഷ്‌ഠിക്കാവുന്ന വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ്‌ നവചണ്ഡികാപൂജകളും അതിനോടനുബന്ധമായ കാര്യങ്ങളും. ശരിയായ രീതിയില്‍ ഇവ നിര്‍വഹിച്ചാല്‍ സര്‍വാഭീഷ്‌ടസിദ്ധിയാണ്‌ ഫലം.

വെബ്ദുനിയ വായിക്കുക