നവരാത്രി - നാലാം ദിനത്തില്‍ ദേവി കൂശ്മാണ്ഡ

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (17:30 IST)
യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ. അതില്‍ ഒന്നാമത്തേത് ശരത് നവരാത്രിയാണ്. ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബര്‍‌-ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്.
 
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.
 
രണ്ടാമത്തേത് വസന്ത നവരാത്രിയാണ്. വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാര്‍ച്ച്-ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. മൂന്നാമത്തേത് അശാത നവരാത്രിയാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. 
 
നവരാത്രിയുടെ നാലാം ദിനം ആരാധിക്കേണ്ടത് ദേവി കൂശ്മാണ്ഡയെയാണ്. സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ദേവീഭാവമാണ് കൂശ്മാണ്ഡ. സൃഷ്ടിയുടെ ഊര്‍ജ്ജം അണ്ഡത്തില്‍ സൂക്ഷിച്ചവള്‍ എന്നാണ് ഈ അവതാരനാമത്തിന് അര്‍ത്ഥം. ആദിപരാശക്തിയായ ഈ ദേവീഭാവം തന്നില്‍ നിന്ന് സകലതും സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവാണ്. 
 
സുരാ സമ്പൂര്‍ണ്ണകലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മാ
 
എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങള്‍ സൃഷ്ടിച്ച് ആ സൃഷ്ടിയുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതും അറിയുന്നതും ദുര്‍ഗാദേവിയുടെ ഈ ഭാവമാണ്.
Next Article