എന്താണ് ആയുധപൂജ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:59 IST)
ഇന്ന് ദുര്‍ഗ്ഗാഷ്ടമി.നവരാത്രിക്കാലത്ത് ദുര്‍ഗ്ഗക്കായി സമര്‍പ്പിതമായ ദിവസം. സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനമാണിന്ന്.
 
ദുര്‍ഗാഷ്ടമി നാളില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും, നര്‍ത്തകി ചിലങ്കയും, കുട്ടികള്‍ പാഠപുസ്തകങ്ങളും സിനിമാ സംവിധായകന്‍ ക്യാമറയും ആദികാരണിയ്ക്ക് മുന്‍പില്‍ അടിയറ വയ്ക്കുന്നു.
 
ഈ ദിവസത്തിന് 'ആയുധപൂജ' എന്നാണ് പേര്‍. പിറ്റേന്നാള്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട് വണങ്ങി ദേവീ പ്രസാദമായി സ്വീകരിക്കുന്നു.
 
സര്‍വതിന്റെയും കാരണഭൂതയായ അമ്മയ്ക്ക് മുന്‍പില്‍ എല്ലാ അഹങ്കാരവും സമര്‍പ്പിച്ച് വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹാതിരേകത്താല്‍ സന്തുഷ്ട ചിത്തത്തോടെ പുതുതായി എല്ലാം തുടങ്ങുന്നു.
 
ആശ്വിനമാസത്തിലാണ് നവരാത്രിപൂജ. ഒന്‍പത് ദിവസങ്ങളില്‍ ഒന്‍പതു ഭാവത്തിലാണ് പൂജ. പത്താം നാളാണ് വിജയദശമി.അന്ന് വിദ്യാരംഭത്തിനും പുതുസംരംഭങ്ങള്‍ക്കും അത്യുത്തമം.
 
താനുമായി ബന്ധപ്പെട്ട തൊഴിലിന്റെ അധിഷ്ഠാന ദേവതയാണ് സരസ്വതി എന്ന സങ്കല്‍പ്പത്തോടെ വിജയദശമി നാളില്‍, ഓരോ വ്യക്തിയും ഒരു കുട്ടി വിദ്യാരംഭം നടത്തുന്ന അതേ സരളമനസ്സോടെ വീണ്ടുമെല്ലാം ആരംഭിക്കുന്ന ദിവസം കൂടിയാണിത്.
 
നവരാത്രിക്കാലത്ത് ലക്ഷ്മി, ദുര്‍ഗ്ഗ, സരസ്വതി എന്നീ ദേവതമാരെയാണ് പൂജിക്കേണ്ടത്. ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവം.

അനുബന്ധ വാര്‍ത്തകള്‍

Next Article