കാശ്മീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്നത് ചോരയുടെ നിറവും സ്ത്രീകളുടെയും കുട്ടികളുടേയും വിളറിയ മുഖവുമായിരിക്കും. എന്നാല്‍ ഈ പറഞ്ഞത് പത്രമാധ്യമങ്ങളിലൂടെ മാത്രം കാശ്മീരിനെ അറിഞ്ഞവരെക്കുറിച്ചാണ്. കാശ്മീരിനെ അടുത്തറിഞ്ഞവര്‍ ഇത്തരമൊരു ചിത്രമായിരിക്കില്ല കാശ്മീരിനെ കുറിച്ച് നല്‍കുക.
പ്രകൃതിയുടെ സൌന്ദര്യം എന്താണെന്ന് അറിയണമെങ്കില്‍ കാശ്മീരിനെ അടുത്തറിയണം. കാശ്മീരിന്റെ ഈ സൌന്ദര്യത്തിന് പുതിയ ഒരു അംഗീകാരം നല്‍കിയിരിക്കുകയാണ് പ്രശസ്ത ട്രാവല്‍ മാഗസിനായ ലോണ്‍ലി പ്ലാനറ്റ്. പ്രണയത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുകയാണ് കാശ്മീരിന്. ഇന്ത്യയില്‍ ഒന്നാം സ്ഥാനവും.
പ്രണയാനുകൂല സ്ഥലങ്ങളുടെ ലിസ്റ്റില്‍ കശ്മീരിന് മുന്നില്‍ സ്വിറ്റ്‌സര്‍ലന്റ് മാത്രമാണ് ഉള്ളത്. താഴ്വരയിലെ യുദ്ധ സമാനമായ അന്തരീക്ഷത്തേക്കാള്‍ വിനോദസഞ്ചാരികള്‍ കാണുന്നത് കാശ്മീരിന്റെ പ്രണയഭാവത്തെ തന്നെയാണെന്ന് ഇവിടുത്തെ സഞ്ചാര തിരക്ക് കണ്ടാല്‍ മനസിലാകും. വര്‍ഷന്തോറും നിരവധി വിനോദ സഞ്ചാരികളാണ് താഴ്വരയിലേക്ക് എത്താറുള്ളത്.
നിലവില്‍ ശ്രീനഗറില്‍ ദിവസേന 4,000 വിനോദസഞ്ചാരികളാണ് എത്തുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും ഇല്ല.