ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഇനി മുതല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോളിയം മന്ത്രാലയത്തിനു കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതോടെ ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍ എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരാകും ഖാദി യൂണിഫോം ധരിക്കേണ്ടിവരുക.
പെട്രോളിയം മന്ത്രാലയത്തിനു പുറമേ ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഡല്‍ഹി പോലീസ്, പ്രതിരോധമന്ത്രാലയം എന്നീ വകുപ്പുകളിലും ഖാദി യൂണിഫോം നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ ഖാദി ഉപയോഗിച്ചുളള വസ്ത്രം ധരിക്കണമെന്നുളള കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതി വന്നതോടെ ഖാദി വ്യവസായ മേഖലയില്‍ മികച്ച പുരോഗതിയാണ് നേടിയതെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സെക്‌സേന വ്യക്തമാക്കി. ഈ പദ്ധതിമൂലം ഖാദി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുയെന്നും അദ്ദേഹം അറിയിച്ചു.
ഖാദി ഉത്പന്നങ്ങളുടെ വില്‍പനയില്‍ 29 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടാനായത്. ഈ വര്‍ഷവും വിവിധ സ്വകാര്യസ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി കോടികളുടെ പദ്ധതികള്‍ക്കാണ് ഖാദി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. അതിനുപുറമേ ഹോട്ടലുകളിലും വിമാനങ്ങളിലും ചെറിയ കിറ്റുകളായി ഖാദി ഉത്പന്നങ്ങളായ സോപ്പും അണുനാശിനിയും വിതരണം ചെയ്യുന്നുണ്ട്.