സമാധാനനൊബേല്‍ നേടിയ കൈലാഷ് സത്യാര്‍ത്ഥി തന്റെ പുരസ്കാരം രാജ്യത്തിന് സമര്‍പ്പിച്ചു. രാഷ്‌ട്രപതി ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് പുരസ്കാരം കൈമാറി. നൊബേല്‍ പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായിട്ടായിരുന്നു പുരസ്കാരം രാഷ്‌ട്രപതിക്ക് കൈമാറിയത്.
രാഷ്‌ട്രപതി ഭവനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ സമാധാനത്തിന്റെ ഈ നൊബേല്‍ സമ്മാനവും കാണാം. ബാലാവകാശ സംരക്ഷകനായ കൈലാഷ് സത്യാര്‍ത്ഥി ബുധനാഴ്ചയാണ് തന്റെ മെഡല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. നേരത്തെ, നൊബേല്‍ സമ്മാനജേതാവായ സി വി രാമനും ഇത്തരത്തില്‍ പുരസ്കാരം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.
തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം രാജ്യത്തിനു സമര്‍പ്പിച്ചതോടെ ഒരു വലിയ കാര്യമാണ് സത്യാര്‍ത്ഥി ചെയ്തിരിക്കുന്നത് എന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇങ്ങനെയൊരു കാര്യം ചെയ്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നെന്നും രാഷ്‌ട്രപതി പറഞ്ഞു. 196 ഗ്രാം ഉള്ള 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത മെഡല്‍ രാഷ്‌ട്രപതി ഭവന്റെ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മെഡല്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യൂസഫ് സായിയും ഡിസംബര്‍ 10ന് ആയിരുന്നു പുരസ്കാരം പങ്കിട്ടത്.