പൊതുവെ വളരെ കുറച്ച് ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് ഡിറ്റക്ടീവ് ജോലി. ഡിറ്റക്ടീവ് ജോലിയേക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതും ഈ മേഖലയിലേക്ക് എങ്ങനെ എത്തിച്ചേരും എന്ന സംശയവുമാണ് ഇതിന് കാരണം. താല്‍പ്പര്യവും മികച്ച ട്രയിനിങ്ങും ലഭിച്ചാല്‍ മാത്രമെ ഡിറ്റക്ടീവ് എന്ന ജോലി നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയു.
ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനോ ആളുകളുടെ പാശ്ചാത്തലത്തേക്കുറിച്ച് അറിയാനോ വേണ്ടിയാണ് പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സേവനം ആളുകള്‍ തേടുന്നത്. ഇന്ന് മിക്ക നഗരങ്ങളിലും ഡിറ്റക്ടീവുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവറ്റ് ഡിറ്റക്ടീവിന് ക്രിമിനല്‍ കേസുകളടക്കം എല്ലാ കേസുകളും കൈകാര്യം ചെയ്യാം.
യോഗ്യത പരീക്ഷ
ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഡിറ്റക്ടീവ് കോഴ്സിന് അപേക്ഷിക്കാം. ഈ കോഴ്സ് പൂര്‍ത്തിയാക്കിവര്‍ക്ക് ഏതെങ്കിലും പ്രൈവറ്റ് ഡിറ്റക്ടീവ് സ്ഥാപനത്തിലോ അല്ലെങ്കില്‍ സ്വന്തമായോ പ്രൈവറ്റ് ഡിറ്റക്ടീവ് സ്ഥാപനം തുടങ്ങാനുള്ള യോഗ്യത ഉണ്ടായിരിക്കും.
ഡിറ്റക്ടീവ് കോഴ്സിനുള്ള ഇന്ത്യയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് ഇന്റോര്‍ ക്രിസ്റ്റ്യന്‍ കോളജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍, ന്യൂഡല്‍ഹി എന്നിവ. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ ഡിറ്റക്ടീവ് കോഴ്സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
പ്രൈവറ്റ് ഡിറ്റക്ടീവ് ആകാനുള്ള മറ്റ് യോഗ്യതകള്‍
> ഏതെങ്കിലും വിഷയത്തില്‍ ബിരുദം
> സര്‍വകലാശാല അംഗീകരമുള്ള സ്ഥാപനത്തില്‍ നിന്നും പ്രൈവറ്റ് ഡിറ്റക്ടീവ് കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ്
> അന്വേഷണാത്മക കാര്യങ്ങളില്‍ താല്പര്യം
> പേടി കൂടാതെ അപകട സാഹചര്യങ്ങള്‍ നേരിടാനുള്ള കഴിവ്
ഇത്തരം കാര്യങ്ങള്‍ക്ക് പുറമെ പൂര്‍ത്തിയാക്കുന്ന കേസുകളുടെ അനുഭവത്തില്‍ മറ്റ് കേസുകളെ സമീപിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. അന്വേഷണത്തിനായി വിരലടയാള വിദഗ്ധരുടെ സേവനം, ഓഡിയോ വിഡിയോ, ഹിഡന്‍ ക്യാമറകള്‍ എന്നിവ കാര്യക്ഷമായി ഉപയോഗിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും.