ഒരിക്കലെങ്കിലും ഡിജിറ്റലായി പണമിടപാട് നടത്തൂ എന്നും അങ്ങനെ നടത്തിയാല്‍ നിങ്ങള്‍ അതിന് അടിമയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഭീം(ബിഎച്ച്ഐഎം – ഭാരത് ഇന്‍റര്‍ഫെയ്സ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഈ ആപ്പ് ഉപയോഗിക്കാന്‍ ഇന്‍റര്‍നെറ്റ് വേണമെന്നില്ല. ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള ഈ ആപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭീം ആപ്പ് ലോകത്തിലെ വലിയ അത്ഭുതമാകും - പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. രണ്ടു മൊബൈല്‍ ഫോണുമായി കറങ്ങിനടന്നിട്ടും നിങ്ങള്‍ കാഷ്‌ലെസ് ആയില്ലേ എന്നായിരിക്കും 2017ല്‍ മാധ്യമങ്ങള്‍ ചോദിക്കുക - മോദി പറഞ്ഞു.
രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ് ലക്കി ഗ്രഹക് യോജനയും ഡിജി–ധന്‍ വ്യാപാര്‍ യോജനയും. 100 ദിവസത്തിനുള്ളില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്നും 50 രൂപയില്‍ കൂടുതലും 3000 രൂപയില്‍ കുറവുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കായിരിക്കും സമ്മാനങ്ങള്‍ ലഭിക്കുകയെന്നും നരേന്ദ്രമോദി പറഞ്ഞു.