ബിജെപിയുടെ വിവാദനേതാവ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച

ശനി, 18 മാര്‍ച്ച് 2017 (18:43 IST)
യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ടു നിന്ന ചേരിപ്പോരുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനും നിലവില്‍ ഗോരഖ്പൂര്‍ എംപിയുമായ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന അജയ് സിങ്ങിലേക്ക് ബിജെപി നേതൃത്വം എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പാര്‍ട്ടി പരിഗണിച്ചിരുന്ന കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കുമെന്നും സൂ‍ചനയുണ്ട്.  
 
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും. തെരഞ്ഞടുപ്പ് സമയത്ത് നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന ആവശ്യവുമായി നിരന്തരം കലഹിച്ചിരുന്ന നേതാവായിരുന്നു ആദിത്യനാഥ്. 2007 ലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും യോഗി സീറ്റിനായി കലാപമുയര്‍ത്തിയിരുന്നു. യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗിയെ ഉയര്‍ത്തികാണിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗിയുടെ സംഘടനയായ ഹിന്ദു യുവവാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
 
ഇന്ന് വൈകുന്നേരം ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തിൽ പങ്കെടുത്തു. നിലവില്‍ ലോക്‍സഭാംഗമായതിനാൽ ചട്ടമനുസരിച്ച് യോഗി ആദിഥ്യനാഥ് എംപി സ്ഥാനം രാജിവക്കുകയും ആറുമാസത്തിനുള്ളിൽ ജനവിധി തേടി നിയമസഭാംഗമാകുകയും വേണം. 

വെബ്ദുനിയ വായിക്കുക