യോഗയെ പരിഹസിച്ച് ലാലു; “പട്ടിണി പാവങ്ങള്‍ എന്തിനാണ് യോഗ ചെയ്യുന്നത്, അമിത്ഷായെ പോലുള്ളവര്‍ ചെയ്യട്ടെ ”

ശനി, 20 ജൂണ്‍ 2015 (14:30 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാജ്യത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്ന പതിനാലു കോടി ജനങ്ങളുണ്ട്, അവര്‍ക്ക് വേണ്ടത് ഭക്ഷണമാണ്. അല്ലാതെ യോഗയല്ല. യോഗയുടെ ആവശ്യം ദരിദ്രര്‍ക്കുള്ള ഫണ്ട് വയറ്റിലാക്കുന്ന കുത്തക മുതലാളിമാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്ന പാവങ്ങളുടെ ശരീരത്തില്‍ ഫാറ്റ് അടിഞ്ഞിട്ടുണ്ടാവില്ല. അതിനാല്‍ അവര്‍  യോഗ ചെയ്യേണ്ട ആവശ്യമില്ല. ഭൂമിയില്ലാത്ത കര്‍ഷകനും പാവപ്പെട്ട തൊഴിലാളിക്കും റിക്ഷ വലിക്കുന്നയാള്‍ക്കും കുടവയറുണ്ടാവില്ല, പിന്നെ എന്തിന് അവര്‍ യോഗ ചെയ്യണമെന്നും ലാലു പ്രസാദ് യാദവ് ചോദിച്ചു.

ബിജെപി പ്രസിഡന്റ് അമിത്ഷായെയും ആര്‍എസ്എസ് നേതാക്കളെയും പോലെ തടിച്ചവര്‍ക്കാണ് യോഗ ചെയ്യേണ്ടത്. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്ന പാവങ്ങളല്ലെന്നും ലാലു പരിഹസിച്ചു.

മുപ്പത്തിയേഴായിരത്തോളം ജനങ്ങൾ രാജ്‌പഥിൽ നടക്കുന്ന യോഗയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബാബാ രാംദേവ് ഉൾപ്പടെയുള്ള നാല് യോഗാവിദഗ്ധ‌ർ ചടങ്ങിൽ സന്നിഹിതരായിരിക്കും. 28 വലിയ സ്ക്രീനുകളിലൂടെ ഇവരുടെ യോഗാപ്രകടനങ്ങൾ പ്രദർശിപ്പിക്കും.  അമ്പത് രാജ്യങ്ങളിൽ നിന്നുള്ള നൂറോളം വിദേശികളും ചടങ്ങിൽ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക