മുംബൈയില്‍ ബോംബ് പൊട്ടിച്ചത് ഞാന്‍ തന്നെ; കൂസലില്ലാതെ യാസിന്‍ ഭട്കല്‍

Webdunia
ശനി, 5 ജൂലൈ 2014 (12:33 IST)
രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടനപരമ്പര നടത്തിയത് താനാണെന്നും അത് വിജയകരമായി നടപ്പാക്കാനായതില്‍ അഭിമാനിക്കുന്നതായും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍. സ്‌ഫോടനം നടത്തിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും യാസിന്‍ ഭട്കലും കൂട്ടാളി അബ്ദുള്ള അക്തറും പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നു.
 
കഴിഞ്ഞ ആഗസ്റ്റില്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് യാസിന്‍ ഭട്കല്‍ പോലീസ് പിടിയിലായത്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റിലായ യാസിന്‍ പോലീസ് ഡെപ്യൂട്ടികമ്മീഷണര്‍ ജാദവിനുമുന്നിലാണ് കുറ്റം ചെയ്തതില്‍ അഭിമാനിക്കുന്നതായി യാസിന്‍ ഭട്കല്‍ പറഞ്ഞത്.
 
2007ലെ ഹൈദരാബാദ് സ്‌ഫോടനങ്ങള്‍, 2008ല്‍ അഹമ്മദാബാദിലെ സ്‌ഫോടനപരമ്പര, 2011ല്‍ പുണെയിലെ ജര്‍മന്‍ബേക്കറി സ്‌ഫോടനം, 2013ല്‍ ഹൈദരാബാദിലെ ദില്‍സുഖ്‌നഗറിലെ സ്‌ഫോടനം എന്നിവയിലെല്ലാം ഭട്കലിന് പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. 2011 ലുണ്ടായ സ്‌ഫോടനപരമ്പരയില്‍ യാസിന്‍ ഭട്കലിനെതിരെ 300 അനുബന്ധ കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.