സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ പ്രതികരിച്ച കന്നഡ എഴുത്തുകാരിക്ക് ഭീഷണി. പ്രശസ്ത എഴുത്തുകാരിയും സംവിധായികയുമായ ചേതനാ തീര്‍ഥഹള്ളിക്കാണ് ഫേസ്‌ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണി നേരിടേണ്ടിവന്നത്. അതേസമയം, ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ യുദ്ധം തുടരുമെന്നും ആരെതിര്‍ത്താലും എഴുത്ത് നിര്‍ത്തില്ലെന്നും ചേതന വ്യക്തമാക്കി.
സംഘപരിവാറില്‍ നിന്നും ബലാത്സംഗ ഭീഷണിയുള്‍പ്പെടെയുള്ള ഭീഷണികള്‍ ഉണ്ട്. ഒരു കൂട്ടം ആളുകള്‍ രാജ്യത്ത് അശാന്തി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആര് എതിര്‍ത്താലും എഴുത്ത് തുടരും. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായും ചേതനാ തീര്‍ഥഹള്ളി വ്യക്തമാക്കി.
നിങ്ങള്‍ എഴുതുന്നതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നാണു ചേതനയ്‌ക്ക് ഭീഷണി ഏല്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഭീഷണിയില്‍ ബലാത്സംഗ ഭീഷണിയും ആസിഡ് ആക്രമണവും വരെ ഉള്‍പ്പെടുന്നതായും ചേതന പറഞ്ഞു. ബീഫ് നിരോധനത്തിനെതിരെ നടന്ന റാലിയില്‍ പങ്കെടുത്തതിനും ഹൈന്ദ അനാചാരങ്ങളെ എതിര്‍ത്ത് ലേഖനങ്ങള്‍ എഴുതിയതിനുമാണ് ഈ ഭീഷണികള്‍ ഉണ്ടായതെന്നും ഇവര്‍ വ്യക്തമാക്കി.
ഞാന്‍ സുരക്ഷിതയാണെന്ന് കരുതുന്നില്ല. എനിക്ക് ആശങ്കയുണ്ട്, കന്നഡ എഴുത്തുകാരനായ കല്‍ബുര്‍ഗിയുടെ വധം മുന്നില്‍ കണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. ബംഗളുരുവിലെ ഹനുമന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. വര്‍ഗീയവും സ്ത്രീത്വത്തിനെതിരായതും അശ്ലീലവും ഉള്‍പ്പെടുന്നതായിരുന്നു സന്ദേശങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജാഗ്രതി ഭാരത, മധുസൂധന്‍ ഗൗഡ തുടങ്ങിയ 2 വ്യത്യസ്ത ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഭീഷണി ലഭിച്ചതെന്നും ചേതനാ വ്യക്തമാക്കി.