ലോകത്തിന് ആവശ്യം മികച്ച അധ്യാപകരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അധ്യാപകരുടെ പ്രധാന്യം മനസിലാക്കാന്‍ സാധിക്കണം. എന്തുകൊണ്ടാണ് ജനങ്ങളില്‍ പലരും അധ്യാപകരാകാത്തതെന്ന് ചിന്തിക്കേണ്ടതാണ്. മികവുള്ള അധ്യാപകരെ ലോകത്തിന് ആവശ്യമാണ്. ഡോ രാധാകൃഷ്ണന്‍ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. അദ്ദേഹം അധ്യാപകര്‍ക്കു വേണ്ടിയാണ് ആ ദിനം ആഘോഷിച്ചതെന്നും മോഡി പറഞ്ഞു.
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ഥികളുടെ ഹീറോകളാണ് അധ്യാപകര്‍. സ്കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ശുചിമുറികള്‍ നിര്‍ബന്ധമാക്കണമെന്ന് ഓഗസ്റ്റ് 15ന് സ്വാതന്ത്യ്രദിന സന്ദേശത്തില്‍ താന്‍ പറഞ്ഞിരുന്നു. ഒരു കാലത്ത് അച്ഛനന്മാരോട് പറയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അധ്യാപകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം മാറിയിരിക്കുന്നു. കുട്ടികള്‍ ഇപ്പോള്‍ യാതൊന്നും ആരുമായും പങ്കുവയ്ക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ്പാനിലെ സ്കൂളുകളില്‍ ശുചിമുറികള്‍ വൃത്തിയാക്കുന്നത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണെന്ന് അവിടുത്തെ സന്ദര്‍ശനത്തിനിടെ ഒരു അധ്യാപിക എന്നോട് പറഞ്ഞു. സ്കൂളുകളില്‍ ശുചിമുറികള്‍ പണിയുന്നതിന് അധ്യാപകരും സഹായങ്ങള്‍ ചെയ്യണം. അധ്യാപകരെ പോലെ വേഷം ധരിക്കാന്‍ ചില കുട്ടികള്‍ താല്പര്യപ്പെടാറുണ്ട്. ഈ ഉത്സാഹമാണ് അധ്യാപകരാകുന്നതിനായി കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത്.
സാങ്കേതിക വിദ്യയുടെ പ്രധാന്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യയിലുള്ള താല്പര്യം ഇല്ലാതാക്കരുത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓരോ സ്വപ്നങ്ങളുണ്ട്. അതിനെ പിന്നോട്ട് ചലിപ്പിക്കാന്‍ ഒന്നിനേയും അനുവദിക്കരുത്. അതിനു വേണ്ടി പരിശ്രമിക്കണം. പാഠപുസ്തകത്തില്‍ ഉള്ളവയ്ക്ക് ഉപരിയായി മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എത്ര കുട്ടികളാണ് ഇന്നുള്ളത്. ജീവിത വിജയം കൈവരിച്ചിട്ടുള്ളവരുടെ പുസ്തകം നിങ്ങള്‍ തീര്‍ച്ചയായും വായിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
തന്നെ സംബന്ധിച്ച് വിദ്യാഭ്യാസം, അധ്യാപകര്‍, ആചാരങ്ങള്‍, പരിചയം ഇവയ്ക്കെല്ലാം ഒരേ യോഗ്യതയാണുള്ളത്. പ്രധാനമന്ത്രിയായതോടെ തന്റെ ചുമതലകള്‍ വളരെയധികം വര്‍ധിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായത് എന്നെ അതില്‍ സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അധ്യാപകദിനത്തില്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രസംഗശേഷം മോദി കുട്ടികളുമായി സംവദിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.