ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്‌മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. തങ്ങൾ കശ്‌മീരിനെ കൈയൊഴിഞ്ഞുവെന്ന് കരുതിയവർക്ക് തെറ്റിപോയെന്നും മുഫ്‌തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി തിരിച്ചുപിടിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ല. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും മെഹ്‌ബൂബ മുഫ്‌തി വ്യക്തമാക്കി. അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 370 വിഷയം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയും മെഹ്‌ബൂബ മുഫ്‌തി വിമർശിച്ചു.