ഭര്‍ത്താവ് മരിച്ച സ്ത്രീകളെ ക്ഷേത്രങ്ങളില്‍ വിലക്കരുത്, വിവാഹബന്ധമല്ല വ്യക്തിത്വത്തിന്റെ അടിസ്ഥാനം: മദ്രാസ് ഹൈക്കോടതി

ഞായര്‍, 6 ഓഗസ്റ്റ് 2023 (10:29 IST)
ഭര്‍ത്താവ് മരിച്ചതിന്റെപേരില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രച്ചടങ്ങുകളില്‍ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല സ്ത്രീകളുടെ വ്യക്തിത്വം നിര്‍വചിക്കപ്പെടുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വിധിപ്രസ്ഥാവത്തില്‍ പറഞ്ഞു.
 
വിധവയായ ഒരു സ്ത്രീ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ അവിടത്തെ പ്രതിഷ്ടയ്ക്ക് കളങ്കം ഉണ്ടാകുമെന്നെല്ലാം ഇപ്പോഴും ചിന്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈറോഡിലെ നമ്പിയൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പെരിയകറുപറയന്‍ ക്ഷേത്രത്തില്‍ വിധവയായതിന്റെ പേരില്‍ തനിക്കും മകനും പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരെ തങ്കമണി എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. പരാതിക്കാരിയുടെ ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. തമിഴിലെ ആടിമാസത്തില്‍ ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചിരുനു. എന്നാല്‍ പരാതിക്കാരിയേയും മകനെയും ഓഗസ്റ്റ് 9ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. ഇതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. യുവതിക്കും മകനും ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്നും സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍