ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല, ശ്രേയസും രാഹുലും ഏഷ്യാകപ്പിനെത്തില്ലെന്ന് റിപ്പോർട്ട്, സഞ്ജുവിന് സാധ്യത തെളിയുന്നു

വ്യാഴം, 3 ഓഗസ്റ്റ് 2023 (13:47 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ശ്രേയസ് അയ്യരുടെയും കെ എല്‍ രാഹുലിന്റെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. പൂര്‍ണ്ണമായ കായിക ക്ഷമത വീണ്ടെടുക്കാനാകാത്ത ഇരുതാരങ്ങളെയും ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന. ലോകകപ്പ് അടുത്തിരിക്കെ കായികക്ഷമത വീണ്ടെടുത്താലും ഏറെകാലമായി ഇവര്‍ മത്സരക്രിക്കറ്റില്‍ സജീവമല്ല എന്നത് കൂടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കണക്കാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഈ ആഴ്ച അവസാനത്തോടെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. ഇതിനിടെ കെ എല്‍ രാഹുല്‍ ബാറ്റിംഗ് കീപ്പിംഗ് പരിശീലനം പുനരാരംഭിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്ക് മാറിയെങ്കിലും ഇരുവരും പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല.ഇതാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇരുതാരങ്ങളെയും ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമായത്.
 
ഏഷ്യാകപ്പില്‍ കളിച്ചില്ലെങ്കില്‍ ലോകകപ്പിന് തൊട്ട് മുന്‍പായി സെപ്റ്റംബറില്‍ ഓസീസിനെതിരെ നടക്കുന്ന 3 മത്സരങ്ങളുടെ ഏകദിനപരമ്പരയിലാകും താരങ്ങള്‍ തിരിച്ചെത്തുക. എന്നാല്‍ സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട് എന്നത് വീണ്ടും ഇന്ത്യയ്ക്ക് തലവേദനയാകും. ശ്രേയസിന്റെയും രാഹുലിന്റെയും അഭാവത്തില്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് വീണ്ടും ഏകദിനടീമില്‍ അവസരം ലഭിക്കും.രോഹിത് ശര്‍മ തിരിച്ചെത്തുമ്പോഴും ഇഷാന്‍ കിഷന്‍ ഓപ്പണറായി തുടര്‍ന്നാണ് ശുഭ്മാന്‍ ഗില്‍ മധ്യനിരയിലേക്ക് മാറേണ്ടി വരും. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍,സൂര്യകുമാര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ നിന്നും പുറത്താകും. ഓഗസ്റ്റ് 24 മുതല്‍ 29 വരെ ബെംഗളുരുവില്‍ നടക്കുന്ന ഏഷ്യാകപ്പ് പരിശീലന ക്യാമ്പിലാകും ഇന്ത്യയുടെ ലോകകപ്പ് കോമ്പിനേഷനെ പറ്റി അന്തിമ ധാരണയാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍