വ്യാപം നിയമന തട്ടിപ്പ് കേസ്: ഒരു പ്രതി കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (13:52 IST)
മധ്യപ്രദേശില്‍ ശിവ്‌രാജ്‌സിംഗ് ചൗഹാന്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വ്യാപം നിയമന തട്ടിപ്പ് കേസിലെ ഒരു പ്രതി കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡോ നരേന്ദ്ര സിംഗ് തോമറാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ കേസില്‍ ജയിലിലടക്കപ്പെട്ടവരില്‍ നിന്നും അസ്വാഭാവികമായ രീതിയില്‍ മരിച്ച ഇരുപത്തിനാലാമത്തെ ആളാണ് തോമര്.കേസില്‍ ഉള്‍പ്പെട്ട ഡോ രാജേന്ദ്ര ആര്യ ശനിയാഴ്ച മരിച്ചിരുന്നു

ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുവപ്പെട്ട ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുംവഴി മരണമടയുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. തോമറിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അജയ് ജെയ്ൻ പറഞ്ഞു. ഒരു പ്രത്യേക കേസിലെ പ്രതികള്‍ ഒന്നൊന്നായി ഇങ്ങനെ ജയിലില്‍ മരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും രാഷ്ട്രീയ സംഘടനകളും സംസ്ഥാന സര്‍ക്കാറിനെതിരെ രംഗത്തെത്തി.